എടപ്പാളില്‍ നാടോടി ബാലികക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; സിപിഐഎം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

എടപ്പാളില്‍ നാടോടി ബാലികക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഐഎം ഏരിയ കമ്മിറ്റി അംഗം രാഘവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പരിക്കേറ്റ ബാലികയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തുമണിക്കായിരുന്നു സംഭവം. ഒരു പഴയ കെട്ടിടത്തില്‍ നിന്നും ആക്രി ശേഖരിക്കുകയായിരുന്ന ബാലികയെ കെട്ടിട ഉടമയും സിപിഐഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവുമായ സി രാഘവനാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയിടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ബാലികക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ആക്രി ശേഖരിക്കുന്നത് തടഞ്ഞ പ്രതി ബാലികയുടെ കൈയില്‍ ഉണ്ടായിരുന്ന ചാക്ക് പിടിച്ചു വാങ്ങി അത് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ചാക്കില്‍ ഉണ്ടായിരുന്ന ഇരുമ്പ് ബാലികയുടെ നെറ്റിയില്‍ കൊണ്ടാണ് മുറിവേറ്റത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read more: എടപ്പാളില്‍ 12 വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; കുട്ടി ആശുപത്രിയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയില്‍ എത്തി ബാലികയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കായി ബാലികയെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സ്വാമേധയ കേസെടുക്കുമെന്ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top