40 ലക്ഷം കിട്ടിയെന്ന് പ്രചരിപ്പിച്ചു; സുഹൃത്തുക്കൾ ശത്രുക്കളായി: പ്രളയകാല രക്ഷകൻ ജെയ്സൽ പറയുന്നു

നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയം അനുഭവിച്ച നമ്മൾക്ക് ആ പ്രളയത്തിൽ പല ഹീറോകളെയും കിട്ടിയിരുന്നു. അവരിൽ പെട്ട ഒരാളായിരുന്നു മലപ്പുറം താനൂര്‍ സ്വദേശിയായ ജെയ്സല്‍. പ്രളയജലം കുത്തിയൊഴുകവേ തൻ്റെ മുതുകിൽ ചവിട്ടി സ്ത്രീകളടക്കമുള്ളവരെ ബോട്ടിൽ കയറാൻ സഹായിച്ച ജെയ്സൽ നമുക്ക് ഹീറോ ആയി. എന്നാൽ അന്നത്തെ ഹീറോ പരിവേഷത്തിൽ നിന്നും ജെയ്സലിനു കിട്ടിയത് ഉണങ്ങാത്ത കുറേ മുറിവുകളാണ്. തനിക്ക് 40 ലക്ഷം രൂപ കിട്ടിയെന്ന് പ്രചരിപ്പിക്കപ്പെട്ടുവെന്നും അതോടെ സുഹൃത്തുക്കൾ അകന്നുവെന്നും ജെയ്സൽ പറയുന്നു.

തനിക്ക് കോടികൾ കിട്ടിയെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നും അതുകൊണ്ട് തന്നെ തനിക്ക് അഹങ്കാരമായി എന്നാരോപിച്ച് സുഹൃത്തുക്കൾ പലരും അകന്നുവെന്നും ജസീൽ സങ്കടത്തോടെ പറയുന്നു. മഹീന്ദ്ര ഒരു കാർ നൽകിയെങ്കിലും അതൊഴിവാക്കി താൻ ബൈക്കിലാണ് പോകുന്നത്. അക്കൗണ്ടിലേക്ക് കിട്ടിയ മൂന്നര, നാലു ലക്ഷം രൂപ ചികിത്സാ സഹായങ്ങൾക്കും മറ്റും നൽകി. തൻ്റെ അക്കൗണ്ടിൽ ഇപ്പോൾ ഒരു ചില്ലിക്കാശ് പോലുമില്ലെന്ന് ജെയ്സൽ വെളിപ്പെടുത്തുന്നു.

“ഞാന്‍ ചെയ്തതു ചെറിയൊരു കാര്യം മാത്രമാണ്. ഇതിലും വലിയ സാഹസികപ്രവര്‍ത്തനം നടത്തിയ നിരവധി സുഹൃത്തുക്കളുണ്ട്. ഒരാള്‍ വലിയ കുന്നിന്‍മുകളില്‍ കയറി ഒരു ഗര്‍ഭിണിയെ ചുമന്നു താഴെയെത്തിച്ച അനുഭവം വരെയുണ്ട്. ഇങ്ങനെ, പുറംലോകമറിയാത്ത ഒട്ടേറെ പേരുടെ രക്ഷാദൗത്യമാണ് പ്രളയകാലത്തു താനടക്കമുള്ള ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ചെയ്തത്.”- ജെയ്സൽ തുടരുന്നു.

തങ്ങൾ പബ്ലിസിറ്റിക്കു വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ 15 വർഷമായി തങ്ങളുടെ സംഘടന മലപ്പുറത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ജെയ്സൽ പറഞ്ഞു. പ്രതിഫലം മോഹിച്ചല്ല തങ്ങളുടെ പ്രവർത്തനമെന്നും ഒന്നേകാൽ ലക്ഷം രൂപ കടത്തിലാണ് തങ്ങളുടെ ടീം എന്നും ജെയ്സൽ പറയുന്നു. കടലിനോടും തിരകളോടും മല്ലിട്ടു ജീവിക്കുന്നതിനാല്‍ പ്രളയകാലത്തെ വെള്ളം ഒരു പ്രശ്‌നമായി തങ്ങള്‍ക്കു തോന്നിയിരുന്നില്ല. പ്രളയം ഒടുങ്ങിയ ശേഷമാണ് ഇത്രയും വലിയ ദുരന്തം സംഭവിച്ചുവെന്നു മനസ്സിലായത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതനുസരിച്ച് കൂട്ടത്തില്‍ ചിലരെ തീരദേശ പോലീസിലേയ്ക്കു റിക്രൂട്ടു ചെയ്തു. പ്രളയത്തിൽ നശിച്ച തൻ്റെ ബോട്ട് നേരെയാക്കാൻ കാര്‍ണിവല്‍ ഗ്രൂപ്പ് 85,000 രൂപ തന്നു സഹായിച്ചു. എന്നാല്‍, ആ ബോട്ടു താന്‍ മലപ്പുറം ട്രോമ കെയറിനു സമ്മാനിച്ചുവെന്നും ജെയ്സൽ പറയുന്നു.

“മലയാളികള്‍ക്കു നല്ല മനുഷ്യത്വമുണ്ടെന്നു തെളിയിക്കപ്പെട്ടതായിരുന്നു പ്രളയകാലം. ജാതിയും മതവുമൊന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിച്ചു, തുണയായി. എല്ലാവരും ദൈവം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരും പരസ്പരം കരുതലായി. എന്നാല്‍, പ്രളയശേഷമുള്ള കാര്യങ്ങളെക്കുറിച്ചോര്‍ത്ത് വേദന തോന്നുന്നു. യഥാര്‍ഥത്തില്‍ ഇപ്പോഴുള്ളതല്ലേ പ്രളയം?” ജെയ്‌സല്‍ വേദനയോടെ ചോദിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top