ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടുവരാൻ നാസയുടെ ബഹിരാകാശ ദൗത്യം

ചന്ദ്ര ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടു വരാൻ നാസയുടെ ബഹിരാകാശ ദൗത്യം. മലവും മൂത്രവും കഫവുമടക്കമുള്ള വിസർജ്യങ്ങളാണ് നാസ തിരികെ കൊണ്ടു വരിക. ചന്ദ്രനിൽ ജീവൻ്റെ അംശങ്ങളുണ്ടോ എന്ന പഠനങ്ങളുടെ തുടർച്ചയാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇതുവരെ 6 അപ്പോളോ ദൗത്യങ്ങളിലായി 12 ബഹിരാകാശ യാത്രികരാണ് ചന്ദ്രനിലെത്തിയത്. അന്തരീക്ഷമില്ലാത്തതു കൊണ്ട് തന്നെ പ്രത്യേക തരം ബാഗുകളിലാണ് ബഹിരാകാശ യാത്രികർ വിസർജനം നടത്തുക. ഈ വിസർജ്യങ്ങൾ അവർ ചന്ദ്രനിൽ തന്നെ ഉപേക്ഷിച്ച് പോരുകയായിരുന്നു. വിസർജ്യങ്ങൾ തിരികെ കൊണ്ടു വന്നാൽ വാഹനത്തിൻ്റെ ഭാരം അധികരിക്കുമെന്നതും അവയ്ക്ക് പകരം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ കഴിയും എന്നതുമാണ് യാത്രികർ അവ അവിടെ ഉപേക്ഷിക്കാൻ കാരണം. ഏതാണ്ട് 50 വർഷത്തോളം പഴക്കമുള്ള ഈ വിസർജ്യങ്ങൾ പരിശോധിക്കുക വഴി ചന്ദ്രനിലെ ജീവൻ്റെ അംശങ്ങളെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുന്നതിനൊപ്പം ദീർഘകാല ചന്ദ്ര ദൗത്യങ്ങളും നടത്താൻ സാധിക്കുമെന്നാണ് നാസയുടെ കണക്കു കൂട്ടൽ.
വിസർജ്യങ്ങളിലെ ബാക്ടീരിയകൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന പരിശോധനയാവും നടത്തുക. ഭൂമിയിലെ അന്തരീക്ഷത്തിൽ നിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷമുള്ള ചന്ദ്രനിൽ ഈ ബാക്ടീരിയകൾ അതിജീവിച്ചാൽ അത് വലിയൊരു കുതിച്ചു ചാട്ടമാവും. ഈ ബാക്ടീരിയകൾ മരിച്ചു കഴിഞ്ഞാലും എത്ര കാലം അവ ജീവിച്ചിരുന്നു എന്ന് പഠിക്കാനും ശാസ്ത്രഞ്ജർക്ക് ഉദ്ദേശ്യമുണ്ട്. ജീവനില്ലാത്ത ഒരു ഗ്രഹത്തിൽ എങ്ങനെ ജീവൻ ഉണ്ടായി എന്നറിയാൻ കഴിഞ്ഞാൽ ഭൂമിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുമെന്നും നാസ കണക്കുകൂട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here