‘നമോ ടിവിയിൽ പരിശോധനയ്ക്ക് വിധേയമാക്കാത്ത ഉള്ളടക്കം സംപ്രേക്ഷണം ചെയ്യരുത്’; ബിജെപിക്ക് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ നിർദ്ദേശം

നമോ ടിവിയില്‍ പരിശോധനക്ക് വിധേയമാക്കാത്ത ഉള്ളക്കം സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബിജെപിയെ രേഖാമൂലം അറിയിച്ചു. നമോ ടിവിയിലെ ഉള്ളടക്കം പരിശോധനക്ക് വിധേയമാക്കണെമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ തുടര്‍ന്നാണ് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ചാനലായ നമോ ടിവിയുടെ ഉള്ളടക്കത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് ഉള്ളടക്കം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുക്കുന്നത്. രാഷ്ട്രീയപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്നും, ഉള്ളടക്കം നിരീക്ഷണ സമിതിയുടെ പരിശോധനക്ക് വിധേയമാക്കണെമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. ചാനല്‍ നിരീക്ഷിക്കുന്നതിനായി മാത്രം രണ്ട് ജീവനക്കാരെയും കമ്മീഷന്‍ നിയോഗിച്ചിരുന്നു. അടുത്ത പടിയായാണ് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബിജെപിക്ക് വിഷയം വ്യക്തമാക്കി കത്തയച്ചത്.

ഇതോടെ നമോ ടിവിക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സംപ്രേഷണാനുമതി ലഭിക്കേണ്ടതായി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണന്ന അതേ കാരണം ഉയര്‍ത്തിയാണ് നമോ ടിവിയുടെ ഉള്ളടക്കത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പെടുത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top