അറ്റകുറ്റപണികൾക്കായി ദുബായ് വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും

ഒന്നരമാസത്തോളം നീളുന്ന അറ്റകുറ്റപണികൾക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റൺവേ അടയ്ക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സർവീസുകൾ ഇതിന്റെ ഭാഗമായി ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിലേക്ക് മാറ്റും. ഫ്‌ളൈ ദുബായ്, വിസ് എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗൾഫ് എയർ, ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ്, നേപ്പാൾ എയർലൈൻസ്, കുവൈത്ത് എയർലൈൻസ്, തുടങ്ങിയവയുടെ സർവീസുകളാണ് മാറ്റുന്നത്.

ക്രമീകരണത്തിന്റെ ഭാഗമായി വിവിധ വിമാന കമ്പനികൾ സർവീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ചില സർവീസുകൾ ഷാർജയിലേക്ക് മാറ്റുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ ഒരു സർവീസുപോലും അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ദുബായിൽ അറ്റകുറ്റപ്പണി നടക്കുന്ന ഒന്നര മാസം എമിറേറ്റ്‌സ് നിരവധി സർവീസുകൾ റദ്ദാക്കിയേക്കും. വലിയ വിമാനങ്ങൾ എത്തിച്ച് കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്തി സർവീസുകൾ ക്രമീകരിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top