Advertisement

പ്രവചനാതീതം തെരഞ്ഞെടുപ്പില്‍ ആലപ്പുഴയുടെ ദിശയൊഴുക്ക്

April 18, 2019
Google News 3 minutes Read

അറിഞ്ഞുചെയ്യാം വോട്ട്-15
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

നെല്‍പാടങ്ങളും കായലോരങ്ങളുമെല്ലാം ഇണപിരിയാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന പ്രകൃതി സുന്ദരമായ പ്രദേശം. ഗ്രാമീണത തങ്ങിനില്‍ക്കുന്ന ആലപ്പുഴയ്ക്ക് പറയാന്‍ ചരിത്രങ്ങളും ഏറെയുണ്ട്. മലായാള മണ്ണിലെ തൊഴിലാളി മുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയുമെല്ലാം ഈറ്റില്ലം എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. സുപ്രധാനങ്ങളായ നിരവധി സമരങ്ങളുടെ ചരിത്രവും ആലപ്പുഴയുടെ മണ്ണിലുണ്ട്. പുന്നപ്ര വയലാര്‍ സമരവും ഒരണസമരവുമെല്ലാം നടന്നത് ആലപ്പുഴ എന്ന തട്ടകത്തില്‍ തന്നെ. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയുമെല്ലാം ചരിത്രമുറങ്ങുന്ന മണ്ണാണ് ആലപ്പുഴ. കെഎസ്‌യു എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരണ സമരത്തിലൂടെ കോണ്‍ഗ്രസിന്റെ ചരിത്രംതന്നെ മാറിയിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ പച്ചയായ രാഷ്ട്രീയ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ ബാക്കിനില്‍ക്കുന്നുണ്ട് ഇവിടെ.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, അമ്പലപ്പുഴ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ഇടത്തുകോട്ടയുടെ ഈറ്റില്ലമെന്ന് പറയപ്പെടുമെങ്കിലും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നടന്നിട്ടുള്ള പൊതു തെരഞ്ഞെടുപ്പുകളില്‍ വിജയങ്ങള്‍ കൂടുതലും നേടിയിരിക്കുന്നത് വലത്തുപക്ഷമാണെന്ന് പറയാതിരിക്കാനാവില്ല. 1977 മുതലുള്ള മണ്ഡലത്തിലെ വിവിധ പൊതു തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തി നോക്കാം. 77 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വി എം സുധീരനിലൂടെ യുഡിഎഫ് വിജയം നേടി. 1980 -ലെ തെരഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തിന് മണ്ഡലത്തില്‍ കാലിടറിയെങ്കിലും 84 -ല്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വക്കം പുരുഷോത്തമനിലൂടെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് നിലയുറപ്പിച്ചു.

1989 -ലെ തെരഞ്ഞെടുപ്പിലും ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു. 91 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തിന് പ്രതികൂലമായിരുന്നു ആലപ്പുഴ മണ്ഡലത്തിന്റെ വിധി. എന്നാല്‍ 1996 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വി എം സുധീരനിലൂടെ വീണ്ടും കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1998 -ലും 1999 -ലും നടന്ന തെരഞ്ഞെടുപ്പുകളിലും വി എം സുധീരന്‍ തന്നെയാണ് ആലപ്പുഴയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയത്. 2004 -ല്‍ യുഡിഎഫിനെതിരെ വീണ്ടും മണ്ഡലം വിധി എഴുതി. 2009 -ല്‍ കെസി വേണുഗോപാലിലൂടെ വീണ്ടും വലത്തുപക്ഷം തന്നെ അധികാരത്തിലെത്തി. 2014 -ല്‍ ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു. ഷാനിമോള്‍ ഉസ്മാനാണ് ആലപ്പുഴ മണ്ഡലത്തില്‍ നിന്നും ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്നത്.

അതേസമയം എല്‍ഡിഎഫും ചരിത്രപരമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ച മണ്ഡലമാണ് ആലപ്പുഴ. 1962 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പി കെ വാസുദേവന്‍ നായരിലൂടെ എല്‍ഡിഎഫ് വിജയം നേടി. തുടര്‍ന്ന് 1980 -ലെ പൊതു തെരഞ്ഞെടുപ്പില്‍ സുശീല ഗോപാലനിലൂടെ ഇടത്തുപക്ഷം ആലപ്പുഴയില്‍ നേട്ടം കൊയ്തു. 1991 -ല്‍ സിപിഎമ്മിന്റെ റ്റി ജെ ആഞ്ചലോസിലൂടെ എല്‍ഡിഎഫ് വിജയം നേടി. തുടര്‍ന്ന് 2004 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ എസ് മനോജ് ആയിരുന്നു ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും വിജയം നേടിയതും. സിപിഎമ്മിലെ എ എം ആരിഫ് ആണ് മണ്ഡലത്തിലെ ഇത്തവണത്തെ ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പുകളില്‍ ഒരുതവണ പോലും എന്‍ഡിഎയ്ക്ക് വിജയം നേടാന്‍ ആയിട്ടില്ലെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് കെ എസ് രാധാകൃഷ്ണനെ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുന്നതും. കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയവും അതിജീവനവും, കാര്‍ഷിക സംസ്‌കാരവും, വികസനവുമെല്ലാമാണ് മൂന്നു മുന്നണികളുടെയും പ്രധാന തെരഞ്ഞെടുപ്പ് പ്രചരണായുധങ്ങള്‍. നിലവിലുള്ള സ്ഥാനം നിലനിര്‍ത്തുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. കെഎസ്‌യു പ്രവര്‍ത്തക ആയിരുന്നപ്പോള്‍ മുതല്‍ക്കെ ആലപ്പുഴക്കാര്‍ക്ക് സുപരിചിതയായ ഷാനിമോള്‍ ഉസ്മാനെ അരങ്ങത്തിറക്കുമ്പോള്‍ യുഡിഎഫ് അര്‍പ്പിക്കുന്ന പ്രതീക്ഷയും ചെറുതല്ല.

അതേസമയം കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ഇടത്തുപക്ഷം എ എം ആരിഫിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതും. മൂന്ന് തവണ അരൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച ആരിഫിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനാകുമെന്നാണ് ഇടത്തുപക്ഷത്തിന്റെ പ്രതീക്ഷ. യുഡിഎഫില്‍ നിന്നും കൂറുമാറി ബിജെപിയില്‍ എത്തിയ കെ എസ് രാധാകൃഷ്ണനെ അരങ്ങത്തിറക്കുമ്പോള്‍ അനുകൂലമായ തരംഗം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷ എന്‍ഡിഎയ്ക്കും ആവോളമുണ്ട്.

Read more:തെരഞ്ഞെടുപ്പ് ആവേശം വയനാടന്‍ ചുരം കയറുമ്പോള്‍

2014 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം വിലയിരുത്തി നോക്കാം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ 4,62,525 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അതായത് മണ്ഡലത്തിലെ ആകെയുള്ള വോട്ടുകളുടെ 46.37 ശതമാനം കെസി വേണുഗോപാല്‍ നേടി. സിപിഎമ്മിന്റെ സി ബി ചന്ദ്രബാബു 4,43,116 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. 19,401 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കെ സി വേണുഗോപാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തിയത്.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഇടത്തുപക്ഷത്തോടാണ് കൂടുതല്‍ മണ്ഡലങ്ങളും കൂറ് പുലര്‍ത്തുന്നതെന്ന് വ്യക്തം. ഏഴ് നിയമ സഭാ മണ്ഡലങ്ങളില്‍ ചേര്‍ത്തല, അരൂര്‍, അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം, കരുനാഗപ്പള്ളി എന്നീ ആറ് മണ്ഡലങ്ങളും ഇടത്തുപക്ഷത്തിനൊപ്പമാണ്. ഹരിപ്പാട് മണ്ഡലം മാത്രമാണ് നിലവില്‍ യുഡിഎഫിന് അനുകൂലമായിട്ടുള്ളത്. 6,33,371 പുരുഷ വോട്ടര്‍മാരും 6,81,164 വനിതാ വോട്ടര്‍മാരുമടക്കം 13,14,535 വോട്ടര്‍മാരാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്.

നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here