ട്വന്റിഫോർ അഭിപ്രായ സർവേ; കൊല്ലത്ത് സർപ്രൈസ്

കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഏവരും ഉറ്റുനോക്കുന്നത് ആർഎസ്പി നേതാവും നിലവിലെ സിറ്റിങ് എംപിയുമായ എൻ കെ പ്രേമചന്ദ്രന്റെ വിജയമാണ്. എൽഡിഎഫിനൊപ്പം നിന്ന പ്രേമചന്ദ്രൻ കഴിഞ്ഞ തവണ യുഡിഎഫിൽ എത്തിയാണ് മത്സരിച്ചതും എംപിയായതും. അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നടത്തിയ ‘പരനാറി’ പരാമർശം പ്രേമചന്ദ്രന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ചിരുന്നു. പ്രേമചന്ദ്രന്റെ വിജയത്തിന് കാരണമായ ഒരു ഘടകമായി അത് വിലയിരുത്തപ്പെട്ടു. ആർഎസ്പിയുടെ കോട്ടയാണ് കൊല്ലം എന്നതു തന്നെയായിരുന്നു പ്രധാനഘടകം.
ട്വന്റിഫോറും ലീഡ് കോളെജും നടത്തിയ അഭിപ്രായ സർവേയിൽ കാര്യങ്ങൾ മറിച്ചാണ്. കേരളത്തിന് ഒരു വലിയ സർപ്രൈസാണ് കൊല്ലത്തു നിന്നും സർവേ നൽകുന്നത്. കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലായിരിക്കും വിജയിക്കുക എന്നാണ് ഫലത്തിൽ വ്യക്തമാക്കുന്നത്. എൽഡിഎഫിന് 43 ശതമാനം വോട്ടു ലഭിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു. യുഡിഎഫിന് ലഭിക്കുക 42 ശതമാനം വോട്ടായിരിക്കും. അതേസമയം, എൻഡിഎയ്ക്ക് 10 ശതമാനം വോട്ടു ലഭിക്കുമെന്നും സർവേ പറയുന്നു. ബിജെപിയുടെ കെ വി സാബുവാണ് എൻഡിഎ സ്ഥാനാർത്ഥി.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും ഒടുവിലത്തെ ട്രെൻഡ് ഒപ്പിയെടുത്താണ് ട്വൻറിഫോർ സർവേഫലം പുറത്തുവിടുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 140 അസ്സംബ്ലി മണ്ഡലങ്ങളിലും സർവേ സംഘം എത്തി. 280 പോളിംഗ് ബൂത്തുകളുടെ പരിധിയിൽ നിന്ന് വിവരശേഖരണം നടത്തുകയാണ് ചെയ്തത്.
സിസ്റ്റമാറ്റിക് റാൻഡത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 7986 വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങളെടുത്തു. ഏപ്രിൽ പതിനഞ്ചു മുതൽ എപ്രിൽ പത്തൊൻപതു തീയതി വരെയായിരുന്നു സർവേ കാലയളവ്. കേരളത്തിലെ ജനസംഖ്യയുടെ സാമൂഹ്യഘടനയ്ക്ക് അനുപാതമായി ശാസ്ത്രീയമായി കണ്ടെത്തിയ സാമ്പിളാണ് സർവേയുടെ കരുത്ത്.
സർവേ ഫലം തത്സമയം ട്വന്റിഫോർ ഫേസ്ബുക്ക് പേജിലും യുട്യൂബിലും ലഭ്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here