ഈക്കൊല്ലത്തെ തെരഞ്ഞെടുപ്പില്‍ കൊല്ലം നേടാന്‍ മുന്നണികള്‍ ഒരുങ്ങുമ്പോള്‍

അറിഞ്ഞുചെയ്യാം വോട്ട്-18
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
കൊല്ലവര്‍ഷത്തേക്കാള്‍ പഴക്കമുണ്ട് കൊല്ലത്തിനെന്നാണ് പൊതുവെ പറയാറ്. ചരിത്രവും പാരമ്പര്യവുമൊക്കെ പരസ്പരം ഇടകലര്‍ന്നു നില്‍ക്കുന്നുണ്ടിവിടെ. എന്നാല്‍ കൊല്ലത്തെ വിശേഷം ഇപ്പോള്‍ ഇതൊന്നുമല്ല. രാജ്യമൊന്നാകെ തെരഞ്ഞെടുപ്പ് ആവേശത്തിലാണല്ലോ. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. കൊല്ലവും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്.
2008 -ലെ മണ്ഡല പുനക്രമീകരണത്തിന്റെ ഭാഗമായാണ് കൊല്ലം ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. ചാവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. മണ്ഡല പുനക്രമീകരണത്തിനു മുമ്പ് കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചാവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്.
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ 1957 മുതലുള്ള പൊതുരെഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തം. എല്‍ഡിഎഫിനോടും യുഡിഎഫിനോടും ആര്‍എസ്പിയോടും ഒരുപോലെ കൂറ് പുലര്‍ത്തിയ ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 1957-ല്‍ ഇടത്തുപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ നേട്ടം. 1962 -ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായര്‍ വിജയം നേടി. 62 മുതല്‍ 1977 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് തന്നെയായിരുന്നു വിജയം. 1980 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ബി കെ നായര്‍ക്കായിരുന്നു നേട്ടം. 84 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ എസ് കൃഷ്ണകുമാര്‍ വിജയം നേടി. 89 -ലും 91 -ലും നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ എസ് കൃഷ്ണകുമാറിലൂടെ തന്നെ ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു.
1996 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നേട്ടം കൊയ്തു. 98 ലും എന്‍ കെ പ്രേമചന്ദ്രനു തന്നെയായിരുന്നു വിജയം. 1999 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി രാജേന്ദ്രന്‍ വിജയം നേടി. 2004 ലും ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. 2009 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ എന്‍ പീതാംബര കുറുപ്പിലൂടെ യുഡിഎഫാണ് മണ്ഡലത്തില്‍ നേട്ടം കൊയ്തത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ വിജയം നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി പിന്തുണച്ചത് യുഡിഎഫിനെയായിരുന്നു.വലത്തുപക്ഷത്തെ പിന്തുണയ്ക്കുന്ന ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാണ് ഇത്തവണ യുഡിഎഫിനു വേണ്ടി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തില്‍ ആര്‍എസ്പിയ്ക്കുള്ള സ്വാധീനവും എന്‍കെ പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവവും നേട്ടമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ വികസനങ്ങളാണ് വലത്തുപക്ഷം പ്രധാന പ്രചരണായുധമായി എടുത്തിരിക്കുന്നത്.
അതേസമയം ഇടത്തുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഇത് ശരിവെയ്ക്കുന്നുണ്ട്. കൊല്ലം ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷത്തെയാണ് പിന്തുണച്ചിരിക്കുന്നത്. ഈ പശ്ചാത്തലം ഇടത്തുപക്ഷത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പ്രചരണ രംഗത്ത് സജീവ സാന്നിദ്ധ്യമറിയിച്ചിരിക്കുന്ന കെ എന്‍ ബാലഗോപാലനിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത്തുപക്ഷ മുന്നണിയും.
Read more:തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാനൊരുങ്ങി കോട്ടയം ലോക്‌സഭാ മണ്ഡലം
എന്‍ഡിഎയ്ക്ക് ഇതുവരെയും കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ല. മണ്ഡലത്തില്‍ കാര്യമായ സാന്നിധ്യമറിയിക്കാനും എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല എന്നു വേണം വിലയിരുത്താന്‍. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി കെ വി സാബുവാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ശബരിമല വിഷയംതന്നെയാണ് എന്‍ഡിഎ മുന്നോട്ടുവെയ്ക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് പ്രചരണായുധം.
കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിര്‍ണായകമാവുക. അതോടൊപ്പം കൊല്ലം മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ സാമൂധായിക വോട്ടുകള്‍ക്കും പങ്കുണ്ട്. മണ്ഡലത്തിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിശോധിക്കാം. യുഡിഎഫിനെ പിന്തുണച്ച് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 408,528 വോട്ടുകള്‍ നേടി. അതായത് മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 46.47 ശതമാനം. ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം എ ബേബി 3,70,879 വോട്ടുകളാണ് നേടിയത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി എം വേലായുധന്‍ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 58,671 വോട്ടുകളാണ് നേടിയത്. 37,649 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ വിജയം. 5,99,797 പുരുഷ വോട്ടര്‍മാരും 6,59,597 വനിതാ വോട്ടര്‍മാരും ആറ് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,59,400 വോട്ടര്‍മാരാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്.
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here