പ്രജ്ഞ സിങ് ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളെന്ന് ശിവ്‌രാജ് സിങ് ചൗഹാൻ

വിവാദ പരാമർശങ്ങൾ നടത്തിയതിന് രണ്ടു തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് താക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. പ്രജ്ഞ ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളാണെന്നും ദേശസ്‌നേഹിയാണെന്നും ശിവ്‌രാജ് സിങ് ചൗഹാൻ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. മലേഗാവ് സ്‌ഫോടനക്കേസിൽ പ്രജ്ഞയ്‌ക്കെതിരെ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും മനുഷ്യത്വ രഹിതമായ പീഡനങ്ങൾ അവർക്ക് നേരിടേണ്ടി വന്നതായും ചൗഹാൻ പറഞ്ഞു.
ഭോപ്പാലിൽ ബിജെപി ആരെ നിർത്തിയാലും വിജയിക്കും എന്നിരിക്കെയാണ് പാർട്ടി പ്രജ്ഞയെ ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രജ്ഞ മത്സരിക്കുന്നതിനെ എല്ലാവരും എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ശിവ്‌രാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്.
ബാബറി മസ്ജിദ് തകർത്തവരിൽ താനും ഉൾപ്പെടുന്നതായും അതിൽ അഭിമാനിക്കുന്നുണ്ടെന്നുമാണ് ചാനൽ അഭിമുഖത്തിൽ പ്രജ്ഞ സിങ് പറഞ്ഞത്. പരാമർശം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്ന പ്രജ്ഞയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഈ പരാമർശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രജ്ഞ സിങിന് നോട്ടീസ് നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here