ഇന്നത്തെ പ്രധാന വാർത്തകൾ (22-04-2019)

കല്ലടയിലെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചുവെന്ന്, മർദ്ദനത്തിനിരയായ അജയഘോഷ് ട്വന്റിഫോറിനോട്. തന്റെ പണവും ബാഗും ഉൾപ്പെടെ അവർ പിടിച്ചുവാങ്ങി. പുലർച്ചെയായിരുന്നു മർദ്ദനമെന്നും ഗുണ്ടകൾ പിന്തുടർന്നിരുന്നുവെന്നും അജയഘോഷ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് എറണാകുളത്തേക്ക് വരാൻ ഭയമായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ ഉറപ്പിനെത്തുടർന്നാണ് തിരികെ വന്നതെന്നും അജയഘോഷ് വ്യക്തമാക്കി.
എഴുത്തുകാരി കുമുദം സുകുമാരൻ അന്തരിച്ചു
പ്രശസ്ത കഥാകാരിയും നോവലിസ്റ്റും സാംസ്‌കാരിക പ്രവർത്തകയുമായ കുമുദം സുകുമാരൻ (77) അന്തരിച്ചു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വീട്ടിലേക്കുള്ള വഴി, ആരോ ഒരു സ്ത്രീ, പുന്നമര പൂക്കൾ , സ്‌നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിക്കാൻ, ഉ ബ്രിഗാദ് ദമാവ്, ഏക താരകത്തിന്റെ പ്രകാശ രശ്മികൾ, എന്നിവയാണ് മുഖ്യ കൃതികൾ .
സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിനിസേനയാണ് ഇന്ന് അർദ്ധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ സംഘടനയായ തൗഹീദ് ജമാഅത്താണെന്ന് സർക്കാർ ആരോപിച്ചു. ശ്രീലങ്കയിൽ പ്രദേശിക തലത്തിൽ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു
ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസാണ് കെസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങൾ ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നു.എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം ഗൂഡാലോചന നടത്തിയെന്നുമായിരുന്നു രാഘവന്റെ പ്രതികരണം.
ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്
പതിനേഴാമത് ലോക്‌സഭയിലേക്കുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നു നടക്കും. ഒന്നരമാസത്തോളം നീണ്ട അത്യന്തം ആവേശകരമായ പ്രചാരണത്തിനൊടുവിലാണ് കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here