ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്

ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. ഗുജറാത്ത് സർക്കാരിനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ബിൽക്കിസ് ബാനുവിന് ജോലിയും താമസിക്കാൻ ഇടവും നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.
നഷ്ടപരിഹാര തുക 2 ആഴ്ചക്കുള്ളിൽ നൽകണം. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാത്ത പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി എടുത്തതായി ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെ പെൻഷൻ തടഞ്ഞു. ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു. നേരത്തെ ഹൈക്കോടതി അനുവദിച്ച അഞ്ചു ലക്ഷം നഷ്ടപരിഹാരം സ്വീകരിക്കാൻ ബിൽക്കിസ് ബാനു വിസമ്മതിച്ചിരുന്നു. നഷ്ടപരിഹാരം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.
ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിചാരണക്കോടതി 11 പേർക്കു ജീവപര്യന്തം തടവു വിധിച്ചിരുന്നു. ബിൽക്കിസ് ബാനുവിന്റെ ഏഴു കുടുംബാംഗങ്ങളെ കലാപത്തിനിടെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നേരത്തെ സുപ്രീംകോടതി ഗുജറാത്തിനു സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here