ശ്രീലങ്ക സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. നേരത്തെ ആക്രമണങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിസ്റ്റ് സംഘടനയായ നാഷണൽ തൗഹീദ് ജമാഅത് (എൻജെടി) ആണെന്ന് ശ്രീലങ്ക സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ഐഎസ് രംഗത്തു വന്നത്.
മാർച്ച് 15ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തത്. ആക്രമണങ്ങൾക്കു പിന്നിൽ ഇസ്ലാമിക്ക് സ്റ്റേറ്റാണെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു.
അതേ സമയം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി അധികരിച്ചിട്ടുണ്ട്. ചാവേറുകൾ അടങ്ങുന്ന ഒരു സംഘമാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാർപ്പിട സമുച്ചയങ്ങളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. അഞ്ഞൂറോളം പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയും ഉൾപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here