ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; അന്വേഷണ സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ ആരോപണം അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി. ചീഫ് ജസ്റ്റിസ് കുടുംബാംഗത്തെപ്പോലെ കാണുന്ന ജസ്റ്റിസ് എൻ.വി രമണ അംഗമായ സമിതിയുടെ അന്വേഷണം നീതിപൂർവ്വമായിരിക്കില്ലെന്ന ആശങ്ക പരാതിക്കാരി സമിതിയംഗങ്ങൾക്ക് അയച്ച കത്തിൽ പ്രകടിപ്പിച്ചു. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ ഗൂഡാലോചന നടന്നുവെന്ന ആരോപണത്തിൽ സുപ്രീം കോടതി നാളെ അന്വേഷണം പ്രഖ്യാപിച്ചേക്കും.
ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കാൻ ശ്രമിച്ചുവെന്ന സുപ്രീം കോടതി മുൻ ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന മൂന്നംഗ ആഭ്യന്തര സമിതി ഏപ്രിൽ 26ന് ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ട് പരാതിക്കാരിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സമിതിയിലുള്ള അവിശ്വാസം അറിയിച്ച് സമിതിക്ക് പരാതിക്കാരി കത്തയച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ വി രമണ ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമുള്ളയാളാണ്.
Read Also; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ആഭ്യന്തര അന്വേഷണസമിതിയുടെ നോട്ടീസ്
സ്വന്തം കുടുംബാംഗത്തെ പോലെയാണ് എൻ.വി രമണയെ ചീഫ് ജസ്റ്റിസ് കാണുന്നത്. അതിനാൽ രമണയുടെ സമിതിയിലെ സാന്നിധ്യം സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് സംശയിക്കുന്നു. ലൈംഗിക അതിക്രമ പരാതി അന്വേഷിക്കേണ്ട സമിതിയിൽ ഭൂരിഭാഗം അംഗങ്ങളും വനിതകളായിരിക്കണമെന്നതാണ് ചട്ടം. അത് ലംഘിക്കപ്പെട്ടു. ഏപ്രിൽ 26 ന് ഹാജരാകുമ്പോൾ ഒപ്പം അഭിഭാഷകനെ അനുവദിക്കണം. നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തി അതിന്റെ പകർപ്പ് കൈമാറണമെന്നും പരാതിക്കാരി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചീഫ് ജസ്റ്റിസിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ കോടതി നാളെ തീരുമാനമെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here