Advertisement

ഹർദ്ദിക് ഇല്ലായിരുന്നെങ്കിലോ?

April 26, 2019
Google News 0 minutes Read

ഹർദ്ദിക് പാണ്ഡ്യ ഇല്ലായിരുന്നെങ്കിൽ മുംബൈയുടെ അവസ്ഥ എന്തായേനെ? ചില മത്സരങ്ങളിൽ ഡികോക്കും രണ്ട് വട്ടം പൊള്ളാർഡും ടീമിനു വേണ്ടി നന്നായി കളിച്ചുവെങ്കിലും ഹർദ്ദിക് പാണ്ഡ്യയുടെ ഫിനിഷിംഗ് സ്കിൽസാണ് മുംബൈയെ പോയിൻ്റ് ടേബിളിൽ മൂന്നാമത് നിർത്തിയിരിക്കുന്നത്.

ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഹർദ്ദിക്ക് ഡക്ക്. 213 പിന്തുടർന്ന് മുംബൈ 176ന് ഓൾ ഔട്ട്. 37 റൺസിൻ്റെ കനത്ത തോൽവി. ബാംഗ്ലൂരിനെതിരെ നടന്ന രണ്ടാമത്തെ മത്സരം. 14 പന്തുകളിൽ 32 റൺസെടുത്ത് ഹർദ്ദിക്ക് നോട്ടൗട്ട്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം അവസാന ഓവറുകളിൽ ഹർദ്ദിക്ക് നടത്തിയ വെടിക്കെട്ട് മുംബൈയെ 187/8 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. 48 റൺസെടുത്ത രോഹിത്തിനെ മറക്കുന്നില്ല. കളി മുംബൈ ജയിച്ചത് വെറും 6 റൺസിന്. ഹർദ്ദിക്കിൻ്റെ ആ കൂറ്റനടികൾ ഇല്ലായിരുന്നെങ്കിൽ…

അടുത്ത മത്സരം കിംഗ്സ് ഇലവനെതിരെ. ഹർദ്ദിക്ക് 19 പന്തുകളിൽ 31 എടുത്ത് മുംബൈയെ 176/7ലെത്തിച്ചു. ഡികോക്ക് 60ഉം രോഹിത് 32ഉം എടുത്ത് ശ്രദ്ധേയ സംഭാവനകൾ നൽകി. മത്സരം മുംബൈ 8 വിക്കറ്റിനു തോറ്റു. പഞ്ചാബിനു വേണ്ടി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ 19ആം ഓവറിൽ പഞ്ചാബിനു ജയം. മുംബൈയുടെ രണ്ടാം തോൽവി. നാലാം മത്സരം ചെന്നൈക്കെതിരെ. 8 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകലും സഹിതം 25 റൺസെടുത്ത് ഹർദ്ദിക്കിൻ്റെ മാസ്മരിക ഫിനിഷിംഗ്. 59 എടുത്ത സൂര്യകുമാർ, 42 എടുത്ത കൃണാൽ, 7 പന്തിൽ 17 എടുത്ത പൊള്ളാർഡ് എന്നിവരും കാര്യമയി സംഭാവന നൽകിയതോടെ മുംബൈയുടെ സ്കോർ 170/5. ചെന്നൈക്ക് എടുക്കാനായത് 8 വിക്കറ്റിന് 133 റൺസ്. 4 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റിട്ട ഹർദ്ദിക്ക് തന്നെ വീണ്ടും താരം. ജയം 37 റൺസിന്.

അടുത്ത കളി പൊള്ളാർഡ് ഷോ. സൺ റൈസേഴ്സിനെതിരെ ഹർദ്ദിക്ക് എടുത്തത് 14 റൺസ്. അന്ന് 26 പന്തുകളിൽ 46 എടുത്ത പൊള്ളാർഡിൻ്റെ മികവിൽ മുംബൈ 136/7. 6 വിക്കറ്റുമായി അൽസാരി ജോസഫ് അരങ്ങേറ്റ മത്സരത്തിൽ കൊടുങ്കാറ്റായപ്പോൾ സൺ റൈസേഴ്സ് 96 റൺസിനു പുറത്ത്. മുംബൈയുടെ ജയം 40 റൺസിന്. അടുത്തത് കിംഗ്സ് ഇലവനുമായി സീസണിലെ രണ്ടാം മത്സരം. ലോകേഷ് രാഹുൽ സെഞ്ചുറി അടിച്ചപ്പോൾ പഞ്ചാബിൻ്റെ സ്കോർ 197/4. അന്ന് താരമായത് പൊള്ളാർഡ്. 31 പന്തുകളിൽ 3 ബൗണ്ടറിയും 10 സിക്സറുമടക്കം അന്ന് പൊള്ളാർഡ് അടിച്ചു കൂട്ടിയത് 83 റൺസ്. 13 പന്തിൽ 19 എടുത്ത ഹർദ്ദിക്കും മോശമായില്ല. മുംബൈക്ക് മൂന്നു വിക്കറ്റ് ജയം.

രാജസ്ഥാനെതിരെ നടന്ന കളിയിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 11 പന്തുകളിൽ ഹർദ്ദിക്ക് സ്കോർ ചെയ്തത് 28 റൺസ്. 47 എടുത്ത രോഹിതും 81 റൺസെടുത്ത ഡികോക്കും അന്ന് തിളങ്ങി. 5 വിക്കറ്റിന് 187 റൺസടിച്ച മുംബൈയെ 89 റൺസ് എടുത്ത ജോസ് ബട്ലർ തകർത്തു. മുംബൈക്ക് 4 വിക്കറ്റ് തോൽവി. ബാംഗ്ലൂരിനെതിരെ നടന്ന അടുത്ത മത്സരത്തിൽ ബാംഗ്ലൂരടിച്ചത് 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. 16 പന്തുകളിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 37 റൺസെടുത്ത ഹർദ്ദിക് ഒരു ഓവർ ബാക്കി നിൽക്കെ മുംബൈക്ക് ജയം സമ്മാനിച്ചു. നെഗിയുടെ 19ആം ഓവറിൽ ഹർദ്ദിക് അടിച്ചത് 22 റൺസ്.

വീണ്ടും ഡൽഹിക്കെതിരെ. 15 പന്തിൽ രണ്ട് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം ഹർദ്ദിക് അടിച്ചത് 32 റൺസ്. മുംബൈയുടെ 168നെതിരെ ഡൽഹി 128നു പുറത്ത്. മുംബൈയുടെ ജയം 40 റൺസിന്. നടന്ന അവസാന മത്സരം രാജസ്ഥാനെതിരെ. 15 പന്തുകളിൽ 23 അടിച്ച ഹർദ്ദിക്കിന് കാര്യമായി തിളങ്ങാനായില്ല. മുംബൈയുടെ 161 റൺസ് 5 പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു.

ഹർദ്ദിക്ക് 10 കളികളിൽ നിന്ന് നേടിയത് 241 റൺസ്. 40.17 ശരാശരിയും 189.76 സ്ട്രൈക്ക് റേറ്റും. മുംബൈയുടെ ടോപ്പ് റൺ സ്കോറർമാരിൽ മൂന്നാമതുണ്ട് ഹർദ്ദിക്ക്. ആദ്യ രണ്ട് സ്ഥാനങ്ങൾ ഡികോക്കും സൂര്യകുമാറും അലങ്കരിക്കുന്നു. ഓപ്പണിംഗും വൺ ഡൗണും ഇറങ്ങുന്ന കളിക്കാരോടൊപ്പം അഞ്ചാമതും ആറാമതും ഇറങ്ങുന്ന ഹർദ്ദിക്ക് ഉൾപ്പെട്ടു എന്നറിയുമ്പോൾ തന്നെ മുംബൈക്ക് ഹർദ്ദിക്ക് പാണ്ഡ്യ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും. ഇനി വിക്കറ്റ് കോളമെടുത്താൽ അവിടെയുമുണ്ട്. 10 മത്സരങ്ങളിൽ നിന്നും ഹർദ്ദിക്കിൻ്റെ സമ്പാദ്യം 8 വിക്കറ്റാണ്. മലിംഗയ്ക്കൊപ്പം മൂന്നാം സ്ഥാനം പാണ്ഡ്യ പങ്കിടുന്നു. പട്ടികയിൽ ഒന്നാമത് ബുംറയും രണ്ടാമത് രാഹുൽ ചഹാറും. അപ്പോൾ ഹർദ്ദിക്ക് ഇല്ലായിരുന്നെങ്കിലോ? എന്താകുമായിരുന്നു മുംബൈയുടെ സ്ഥിതി?

ലോകകപ്പ് ടീമിനുള്ള എല്ലാവരും ഏറെക്കുറെ ഫോമായിക്കഴിഞ്ഞു. കുറഞ്ഞ പക്ഷം ബാറ്റ്സ്മാന്മാരെല്ലാവരുമെങ്കിലും ഫോമായി. ബാക്കിയുള്ളത് രോഹിത് ശർമ്മ മാത്രം. 9 മത്സരങ്ങൾ, 228 റൺസ്, 25.33 ശരാശരി, 129.55 സ്ട്രൈക്ക് റേറ്റ്. ഇതാണ് ഇതുവരെയുള്ള രോഹിത്തിൻ്റെ പ്രകടനം. ഫോമിലെത്താനുള്ള സമയം അധികരിച്ചു!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here