അവിശ്വസനീയം പരഗ്; രാജസ്ഥാന് ഉജ്ജ്വല ജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിനു ജയം. 17കാരൻ റയൻ പരഗിൻ്റെ ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. നാലു പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റിനായിരുന്നു രാജസ്ഥാൻ വിജയം കുറിച്ചത്. 47 റൺസെടുത്ത പരഗിനൊപ്പം അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ എന്നിവരുടെ ഇന്നിംഗ്സുകളും രാജസ്ഥാൻ വിജയത്തിൽ നിർണ്ണായകമായി. 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സ്പിന്നർ പീയുഷ് ചൗളയാണ് കൊൽക്കത്തയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.
ഉജ്ജ്വലമായാണ് രാജസ്ഥാൻ തുടങ്ങിയത്. പവർ പ്ലേയുടെ അവസാന ഓവറിൽ രഹാനെയെ നഷ്ടമാകുമ്പോൾ സ്കോർ ബോർഡിൽ 53 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 21 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 34 റൺസെടുത്ത രഹാനെയെ നരേനാണ് പുറത്താക്കിയത്. ഏഴാം ഓവറിൽ സഞ്ജുവും പുറത്ത്. പീയുഷ് ചൗളയ്ക്കായിരുന്നു സഞ്ജുവിൻ്റെ വിക്കറ്റ്. 15 പന്തുകളിൽ രണ്ട് സിക്സറുകൾ സഹിതം 22 രൺസെടുത്തതിനു ശേഷമാണ് സഞ്ജു പുറത്തായത്. രാജസ്ഥാനെ വീണ്ടും സമ്മർദ്ദത്തിലാക്കി തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സ്മിത്തും പുറത്ത്. 2 റൺസ് മാത്രമെടുത്ത സ്മിത്തിനെയും നരേനാണ് പുറത്താക്കിയത്.
ബെൻ സ്റ്റോക്സ്, സ്റ്റുവർട്ട് ബിന്നി എന്നിവർ അധികം സംഭാവനകൾ നൽകാതെ പുറത്തായതിനു ശേഷം ടീമിൽ ഒത്തു ചേർന്ന 17കാരൻ റയാൻ പരഗും ശ്രേയാസ് ഗോപാലും ചേർന്ന് രാജസ്ഥാന് പ്രതീക്ഷ നൽകി. 16ആം ഓവറിൽ 18 റൺസെടുത്ത ശ്രേയാസ് ഗോപാൽ പുറത്തായി. 9 പന്തുകളിൽ 4 ബൗണ്ടറിയടക്കം 18 റൺസെടുത്ത ഗോപാലിൻ്റെ ഇന്നിംഗ്സ് രാജസ്ഥാൻ വിജയത്തിൽ വലിയ റോൽ വഹിച്ചു. സമ്മർദ്ദത്തിനടിമപ്പെടാതെ ഉജ്ജ്വലമായി ബാറ്റ് ചെയ്ത റയാൻ പരഗ് രാജസ്ഥാനെ വിജയിപ്പിക്കുമെന്ന് തോന്നിയെങ്കിലും നിർഭാഗ്യകരമായി പുറത്തായതോടെ കൊൽക്കത്ത വിജയം മണത്തു. ആന്ദ്രേ റസലിൻ്റെ ബൗൺസർ ഫൈൻ ലെഗിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കവേ പരഗ് ഹിറ്റ്‌വിക്കറ്റാവുകയായിരുന്നു.31 പന്തുകളിൽ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 47 റൺസെടുത്ത പരഗ് മത്സരത്തിൻ്റെ 19ആം ഓവറിലാണ് പുറത്തായത്.
അവസാന ഓവറിൽ ഒൻപത് റൺസായിരുന്നു രാജസ്ഥാൻ്റെ വിജയ ലക്ഷ്യം. ആദ്യ പന്തിൽ ബൗണ്ടറിയും രണ്ടാം പന്തിൽ സിക്സറുമടിച്ച ഓൾറൗണ്ടർ ജോഫ്ര ആർച്ചർ രാജസ്ഥാന് അവിശസനീയ വിജയമൊരുക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചൗളയ്ക്കൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേൻ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആന്ദ്രേ റസ്സൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.
നേരത്തെ 97 റൺസെടുത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തികിൻ്റെ ഊജ്ജ്വല ഇന്നിംഗ്സിൻ്റെ ബലത്തിലാണ് കൊൽക്കത്ത മികച്ച സ്കോറിലെത്തിയത്. കാർത്തിക് ഒഴികെ മറ്റാർക്കും കൊൽക്കത്തയ്ക്കു വേണ്ടി തിളങ്ങാനായില്ല. 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വരുൺ ആരോണാണ് രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here