സിപിഎമ്മിന്റെ കള്ളവോട്ടിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതിന്റെ തെളിവുകൾ പുറത്തു വന്നെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനഹിതം അട്ടിമറിക്കാൻ സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്യുകയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മാത്രം അയ്യായിരത്തിലധികം കള്ളവോട്ടുകൾ സിപിഎം ചെയ്തിട്ടുണ്ട്. കേരളത്തിൽ  സിപിഎമ്മിന് ശക്തിയുള്ള പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ വ്യാപകമായ കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. കള്ളവോട്ടിന് പിന്നിൽ പ്രവർത്തിച്ച സിപിഎം നേതാക്കൾക്കും സഹായം നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നിയമനടപടികൾ കോൺഗ്രസും യുഡിഎഫും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read Also; കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നു; ദൃശ്യങ്ങൾ പുറത്ത്

സിപിഎം ശക്തികേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ടുകൾ നടക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് തടയാൻ ആവശ്യമായ നടപടികളൊന്നും പോലീസിന്റെയും തെരഞ്ഞെടുപ്പ് അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായില്ല. കള്ളവോട്ടിനെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. നിഷ്പക്ഷമായി നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയെ വ്യാപകമായി സിപിഎം അട്ടിമറിക്കുകയാണ് ചെയ്തത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read Also; കള്ളവോട്ട് തെളിഞ്ഞാൽ കർശന നടപടിയെന്ന് ടിക്കാറാം മീണ

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌ക്കൂളിലെ 19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും മറ്റു ബൂത്തുകളിലെ വോട്ടർമാർ ഇവിടെയെത്തി വോട്ടു ചെയ്യുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. 774-ാംനമ്പർ വോട്ടറായെത്തിയ സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

Read Also; സിപിഎം കള്ളവോട്ട് ചെയ്യുമെന്നാവർത്തിച്ച് കെ സുധാകരൻ

ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തുന്ന ഇവർ കൈയിൽ പുരട്ടിയ മഷി ഉടൻ തന്നെ തലയിൽ തേച്ച് മായ്ക്കാൻ ശ്രമിക്കുന്നതും പിന്നീട് വീണ്ടുമെത്തി വോട്ട് രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റു ബൂത്തുകളിലെ വോട്ടർമാരിൽ ചിലർ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഈ ബൂത്തിലെത്തി കള്ളവോട്ട് ചെയ്തതായും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ പുറത്ത് വിടുമെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More