Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (29-04-2019)

April 29, 2019
Google News 1 minute Read

വ്യാജ അഡ്മിഷനുണ്ടാക്കി അധ്യാപക നിയമനം നടത്തിയ എയ്ഡഡ് സ്‌കൂളുകൾക്കെതിരെ നടപടി; 24 ഇംപാക്ട്

വ്യാജ അഡ്മിഷനുണ്ടാക്കി അധ്യാപക നിയമനം നടത്തിയ എയ്ഡഡ് സ്‌കൂളുകൾക്കെതിരെ നടപടി. വ്യാജ ഡിവിഷൻ വഴി നിയമനം നേടിയ അധ്യാപകരെ പിരിച്ചുവിടും. അന്വേഷണത്തിനും നടപടിക്കും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡി.പി.ഐക്കാണ് നിർദ്ദേശം നൽകിയത്. കർശന നടപടിയെന്ന് അഡീഷണൽ ഡിപിഐ 24നോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും ഓഫീസും പരിസരവും മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടി രൂപ

പ്രളയ ബാധിതര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിഎ കുടിശികയും നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരവും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടിയോളം രൂപ.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തും കള്ളവോട്ട്; ഉദുമയിൽ ലീഗിന്റെ നേതൃത്വത്തിൽ ബൂത്ത് പിടിക്കാൻ ശ്രമം

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്തെത്തി. ധർമ്മടത്തെ 52-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവർത്തകൻ കള്ളവോട്ടായി ചെയ്തുവെന്നാണ് ആരോപണം. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാർ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസർ കള്ളവോട്ടിന് അനുമതി നൽകിയെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ആരംഭിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം തുടങ്ങി. ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലേ സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതോടെ 374 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

മുംബൈയിൽ തെരഞ്ഞെടുപ്പ്; ഓഹരി വിപണി പ്രവർത്തിക്കുന്നില്ല

മുംബൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഓഹരി വിപണി ഇന്ന് പ്രവർത്തിക്കുന്നില്ല. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയ്ക്കു പുറമേ കമ്മോഡിറ്റി,മെറ്റൽ വിപണികൾക്കും അവധിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഇന്ന് ഒമ്പത് സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, ജമ്മുകാശ്മീർ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രില്‍ 30നകം 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യത്തിന്മേലാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതി സമീപിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here