തൃക്കരിപ്പൂർ കള്ളവോട്ട്; ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി

കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് വിഷയത്തിൽ കാസർഗോഡ് ജില്ലാ കലക്ടർ അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ വിശദീകരണം കലക്ടർ തേടി. തൃക്കരിപ്പൂർ കള്ളവോട് സംബന്ധിച്ച് കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കല്യാശേരിയിലെ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ 69,70 ബൂത്തുകളിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആഷിഖും, മുഹമ്മദ് ഫായിസും കള്ളവോട്ട് ചെയ്തുവെന്ന എൽഡിഎഫിന്റെ ആരോപണത്തിൽ കാസർഗോഡ് ജില്ലാ കലക്ടർ അന്വേഷണം ആരംഭിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ ടിക്കാറാം മീണയുടെ നിർദേശ പ്രകാരമാണ് കാസർഗോഡ് കലക്ടർ അന്വേഷണം ആരംഭിച്ചത്.
69,70 ബൂത്തുകളിലെ പ്രിസൈണിങ് ഓഫീസർമാരും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാവിലെ 10 മണിക്ക് കലക്ടർക്ക് മുൻപാകെ ഹാജറായി.കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്ന മുഹമ്മദ് ഫായിസിനും ആഷിഖിനും നോട്ടീസ് നൽകിയ ശേഷം പിന്നീട് അവരുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം തൃക്കരിപ്പൂർ മണ്ഡലത്തിൽ 43-ാം ബൂത്തിലെ കള്ളവോട്ട് സംബന്ധിച്ചുള്ള റിപ്പോർട്ട് കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here