3500 പൊലീസുകാർ, നൂറിൽ പരം സിസിടിവികൾ, ബോംബ്, ഡോഗ് സ്‌ക്വാർഡുകൾ; കനത്ത സുരക്ഷയിൽ പൂരനഗരി

കനത്ത സുരക്ഷയാണ് ഇത്തവണത്തെ തൃശൂർ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് 3500ൽ പരം പൊലീസ് സേനാംഗങ്ങളെ ഇന്ന് മുതൽ 14-ാം തീയതി വരെ വിവിധയടങ്ങളിൽ വിന്ന്യസിക്കും. ബാഗുകൾ പൂര നഗരിയിലേക്ക് കൊണ്ടു വരുന്നതിന് വിലക്കുണ്ട്. ഇലഞ്ഞിത്തറമേളം കാണാനെത്തുന്നവർക്ക് സുരക്ഷാ പരിശേധന കഴിഞ്ഞ് മാത്രമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക.
ഭീകരവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്. നൂറിൽപരം സിസിടിവികൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു. ക്യാരി ബാഗുകൾ അടക്കം പൂര നഗരിയിലേക്ക് കൊണ്ടു വരുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് തുടങ്ങി വിവിധ സേനകളേയും വിന്ന്യസിക്കും. സംശയാസ്പദമായി തോന്നുന്നതെന്തും പൊലീസ് പരിശോധനകൾക്ക് വിധേയമാക്കും. സ്വരാജ് റൗണ്ടിലെയും, നഗരത്തിലെയും ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും, മറ്റ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു.
ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികളെടുത്ത് താമസിക്കുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ഇത്തവണ കുടമാറ്റം കാണാനെത്തുന്ന സ്ത്രീകൾക്കായി പ്രത്യേക സംവിധാനമൊരുക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, തീരപ്രദേശങ്ങൾ, ജില്ലാ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.