Advertisement

ആൾക്കൂട്ട ആക്രമണത്തിന്റെ ഇര മധുവിന്റെ സഹോദരി പൊലീസ് സേനയിൽ

May 15, 2019
Google News 0 minutes Read

ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ സഹോദരി പൊലീസ് സേനയിൽ. മധുവിന്റെ സഹോദരി ചന്ദ്രിക അടക്കം ആദിവാസി മേഖലയിൽ നിന്നും 74 പേരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴിയാണ് പൊലീസ് സേനയിലേക്ക് തെരഞ്ഞെടുത്തത്. കേരള പൊലീസ് അക്കാദമി ആസ്ഥാനത്ത് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കുടുംബത്തെ പട്ടിണിയിൽ നിന്നും കരകയറ്റാൻ ഒരു ജോലി ചന്ദ്രികയുടെ സ്വപ്നമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പൊലീസ് വ്യക്തമാക്കുന്നു. ചന്ദ്രികയുടെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. സഹോദരന്റെ വേർപാട് വരുത്തിയ തീരാവേദനയും നെഞ്ചിലേറ്റിയാണ് കേരള പോലീസ് അക്കാദമിയിൽ ചന്ദ്രിക ട്രെയിനിങ് പൂർത്തിയാക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിശപ്പിനോട് പൊരുതി അപമൃത്യുവിന് ഇരയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പൊലീസ് സേനയിൽ. അട്ടപ്പാടിയിൽ. ആൾക്കൂട്ട ആക്രമണത്തിനിരയായ മധുവിൻറെ സഹോദരി ചന്ദ്രിക അടക്കം ആദിവാസി മേഖലയിൽ നിന്നും 74 പേരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ് വഴിയാണ് പൊലീസിലേക്ക് തെരഞ്ഞെടുത്തത്. കേരള പോലീസ് അക്കാദമി ആസ്ഥാനത്ത് പാസ്സിംഗ് ഔട്ട് പരേഡ് നടന്നു.

കഴിഞ്ഞ ഫെബ്രുവരി 22 ചന്ദ്രിക ഒരിക്കലും മറക്കില്ല. തന്റെ സഹോദരനെ നഷ്ടമായ, കേരളമന:സാക്ഷിയെ ഞെട്ടിച്ച ദിവസം മധു അടക്കമുള്ള കുടുംബത്തെ പട്ടിണിയിൽ നിന്നും കരകയറ്റാൻ ഒരു ജോലി ചന്ദ്രികയുടെ സ്വപ്നമായിരുന്നു. ചന്ദ്രികയുടെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. സഹോദരന്റെ വേർപാട് വരുത്തിയ തീരാവേദനയും നെഞ്ചിലേറ്റിയാണ് കേരള പോലീസ് അക്കാദമിയിൽ ചന്ദ്രിക ട്രയിനിംഗ് പൂർത്തിയാക്കിയത്.

മുക്കാലി പൊട്ടിക്കൽ ഗുഹയിൽ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദനത്തിനും ഇരായായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീവ്, മണ്ണമ്പറ്റയിൽ ജെയ്ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മർദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവർഗ പീഡന നിരോധന നിയമവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here