കെവിൻ വധക്കേസ്; പത്ത് പേരുടെ വിസ്താരം ഇന്ന് നടക്കും

കെവിൻ വധക്കേസ് വിചാരണയിൽ മഹസർ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന് നടക്കും. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികൾ. പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിൽ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്‌സാക്ഷികളായ പമ്പ് ജീവനക്കാരും ഇന്ന് കോടതിയിൽ ഹാജരാകും.
പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ വിശദാംശങ്ങൾ ഗൂഢാലോചന തെളിയിക്കുന്നതിൽ നിർണായകമാകും. ഇന്നലെ നടന്ന വിസ്താരത്തിനിടെ മഹസർ സാക്ഷികളും പ്രതികളുടെ അയൽവാസികളുമായ സുനീഷ്, മുനീർ എന്നിവർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു. ഇന്ന് വിസ്തരിക്കുന്ന സാക്ഷികളിൽ ചിലരും പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണ്.
Read Also : കെവിൻ വധക്കേസിൽ രണ്ട് സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി
18 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27-ന് നീനുവിന്‍റെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മെയ് 28-ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here