ഗള്‍ഫ് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ സൗദി മുന്‍കയ്യെടുക്കണമെന്ന് സൗദി മന്ത്രിസഭ

ഗള്‍ഫ് മേഖലയില്‍ സമാധാനം നിലനില്‍ക്കണമെന്നും യുദ്ധം ഒഴിവാക്കാന്‍ സൗദി മുന്‍കയ്യെടുക്കുമെന്നും സൗദി മന്ത്രിസഭ. ഇറാന്‍- അമേരിക്ക സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. അതേസമയം യുദ്ധ ഭീതിക്കിടെ ഈ മാസം മുപ്പത്, മുപ്പത്തിയൊന്ന് തിയ്യതികളില്‍ മക്കയില്‍ മൂന്നു ഉച്ചകോടികള്‍ നടക്കും. അറബ് ഉച്ചകോടി, ഇസ്ലാമിക ഉച്ചകോടി, ജി.സി.സി ഉച്ചകോടി എന്നിവയ്ക്കാണ് മക്ക വേദിയാകുന്നത്.
സമാധാനമാണ് സൗദി ആഗ്രഹിക്കുന്നത്. മേഖലയില്‍ യുദ്ധം ഒഴിവാക്കുന്നതിനു രാജ്യം സാധിക്കുന്നതെല്ലാം ചെയ്യും. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി മന്ത്രിസഭയാണ് ഇറാന്‍- അമേരിക്ക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. ഭീകര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും ഇറാന്‍ പിന്മാറണം. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഒന്നിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. അതേസമയം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേയ് മുപ്പത്തിയൊന്നിന് മക്കയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി നടക്കും.
ഒ.ഐ.സി അംഗ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിനു പുറമേ മേയ് മുപ്പതിന് അറബ് ഉച്ചകോടിയും ജി.സി.സി ഉച്ചകോടിയും നടക്കുന്നുണ്ട്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ ഗള്‍ഫില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് ആശങ്കയോടെയാണ് മേഖലയിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്. അതേസമയം യുദ്ധമല്ല, ഇറാനെ ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here