Advertisement

രാഹുലിനും ധോണിക്കും സെഞ്ചുറി; ഇന്ത്യക്ക് മികച്ച സ്കോർ

May 28, 2019
Google News 0 minutes Read

ലോകകപ്പിനു മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 359 റൺസാണ് ഇന്ത്യ നേടിയത്. സെഞ്ചുറി നേടിയ കെഎൽ രാഹുലും എംഎസ് ധോണിയുമാണ് ഇന്ത്യക്കു വേണ്ടി തിളങ്ങിയത്.

വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളർമാർ ഇന്ത്യൻ ഓപ്പണർമാരെ റൺസ് നേടുന്നതിൽ നിന്നും പിടിച്ച് നിർത്തി. മൂന്നാം ഓവറിൽ ഒരു റൺ മാത്രമെടുത്ത ശിഖർ ധവാൻ മുസ്തഫിസുർ റഹ്മാൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയതോടെ വിരാട് കോഹ്‌ലി ക്രീസിലെത്തി. ഒരു വശത്ത് താളം കണ്ടെത്താൻ വിഷമിക്കുന്ന രോഹിത് ശർമ്മയെ കാഴ്ചക്കാരനാക്കി വിരാട് മികച്ച കളി കെട്ടഴിച്ചു. വിരാടുമായി 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ രോഹിത് 14ആം ഓവറിൽ പുറത്തായി. 19 റൺസെടുത്ത രോഹിതിൻ്റെ കുറ്റി പിഴുത റൂബൈൽ ഹുസൈനാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. 19ആം ഓവറിൽ വിരാട് കോഹ്‌ലിയും (47), 22ആം ഓവറിൽ വിജയ് ശങ്കറും (2) പുറത്തായത് ഇന്ത്യയെ പിന്നോട്ടടിച്ചു. യഥാക്രമം സബ്ബിർ റഹ്‌മാനും റൂബൽ ഹുസൈനുമായിരുന്നു വിക്കറ്റ്.

തുടർന്നാണ് എംഎസ് ധോണിയും ലോകേഷ് രാഹുലും ക്രീസിൽ ഒത്തു ചേർന്നത്. ഒരു വശത്ത് നയനാനന്ദകരമായ സ്ട്രോക് പ്ലേയുമായി കെഎൽ രാഹുലും മറുവശത്ത് കരുത്തും ടൈമിങും ഒരുമിച്ചു ചേർത്ത് ധോണിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസം സ്കോർ ചെയ്യാൻ തുടങ്ങി. നാലു വിക്കറ്റിന് 102 എന്ന നിലയിൽ ഒത്തു ചേർന്ന ഇരുവരും വേർപിരിയുന്നത് സ്കോർ ബോർഡ് 266 റൺസിലെത്തിയപ്പോഴാണ്. ധോണിയുമായി 164 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ രാഹുൽ സെഞ്ചുറി തികച്ചതിനു പിന്നാലെ മടങ്ങി. 108 റൺസെടുത്ത രാഹുലിനെ സബ്ബിർ റഹ്‌മാൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

രാഹുൽ പുറത്തായതിനു ശേഷം ആറാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യയോടൊപ്പം 59 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ധോണി ഏഴാം വിക്കറ്റിൽ ദിനേഷ് കാർത്തികിനൊപ്പം 23 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി. 48ആം ഓവറിലെ ആദ്യ പന്തിൽ ഒരു സിക്സറടിച്ച് സെഞ്ചുറി പൂർത്തിയാക്കിയ ധോണി ഷക്കീബ് അൽ ഹസൻ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ബൗൾഡായി മടങ്ങി. 113 റൺസ് അടിച്ചു കൂട്ടിയ ശേഷമായിരുന്നു ധോണി പുറത്തായത്. അവസാന ഓവറിൽ 11 റൺസടിച്ച രവീന്ദ്ര ജഡേജ ഇന്ത്യയെ 350 കടത്തുകയായിരുന്നു. 11 പന്തുകളിൽ 21 റൺസെടുത്ത പാണ്ഡ്യയും ഇന്ത്യൻ ഇന്നിംഗ്സിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here