ഇന്ന് റമദാന്‍ ഇരുപത്തിയേഴാം രാവ്; മക്കയില്‍ വിശ്വാസികളുടെ തിരക്ക്

ഇന്ന് റമദാന്‍ ഇരുപത്തിയേഴാം രാവ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാവിന്റെ പുണ്യം നുകരാന്‍ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയില്‍ എത്തിയിരിക്കുന്നത്. റമദാന്‍ അവസാന വെള്ളിയാഴ്ചയായ ഇന്ന് മക്കയിലെ ജുമുഅ നിസ്‌കാരത്തിലും ഖുതുബയിലും ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു.
ലൈലത്തുല്‍ ഖദര്‍. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ആ രാത്രി ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്നത് ഇന്നാണ്. റമദാന്‍ ഇരുപത്തിയേഴാം രാവില്‍. ഈ രാവിന്റെ പുണ്യം നുകരാന്‍ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയില്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒരുമിച്ച് വന്നതിനാല്‍ മസ്ജിദുല്‍ ഹറാം പള്ളിയില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചെങ്കിലും ഇരുപത്തിയെഴാം രാവിന്റെ പുണ്യം കരസ്ഥമാക്കാനായി ഇന്ന് പുലര്‍ച്ചെ മുതല്‍ കൂടുതല്‍ തീര്‍ഥാടകരെത്തിക്കൊണ്ടിരിക്കുകയാണ്.
ഹറം പള്ളിയുടെ അകവും പുറവും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. പള്ളിയിലെ ഇഫ്താറും, തറാവീഹ് തഹജ്ജുദ് നിസ്‌കാരങ്ങളും കഴിഞ്ഞാണ് വിശ്വാസികളില്‍ കൂടുതലും മടങ്ങുക. ഉച്ചകോടികള്‍ നടക്കുന്നതിനാല്‍ ശക്തമായ ഗതാഗത നിയന്ത്രണമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രമുഖര്‍ റമദാന്‍ അവസാന പത്തായതോടെ മക്കയില്‍ തമ്പടിച്ചിരിക്കുകയാണ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉള്‍പ്പെടെ പ്രമുഖര്‍ ഇനി പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞേ മക്കയില്‍ നിന്ന് മടങ്ങുകയുള്ളൂ. അതേസമയം ഈ റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നത്തെ ജുമുഅയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ മക്കയിലെത്തി. ഹറംകാര്യവിഭാഗം മേധാവി ഷെയ്ഖ് അബ്ദുറഹ്മാന്‍ സുദൈസ് ജുമുഅ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here