സൈബർ ലോകത്ത് വൈറലായി മോദിയുടെ സത്യപ്രതിജ്ഞ വീക്ഷിക്കുന്ന ഒബാമയുടെ ചിത്രം; സത്യമിതാണ്

പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. സൈബർ ലോകത്ത് വലിയ രീതിയിൽ ഈ ചിത്രം വൈറലായിരുന്നു. ചിത്രം കണ്ടാൽ ആരുമൊന്ന് വിശ്വസിക്കുകയും ചെയ്യും. ടിവിയിൽ ചടങ്ങുകാണുന്ന ഒബാമയുടെ ചിത്രം ഒട്ടേറെ ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇത് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും എന്നാൽ ഈ ചിത്രം വ്യാജമാണെന്ന് വ്യക്തമായി.

2014ൽ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഡൗഗ് മിൽസ് പകർത്തിയതായിരുന്നു ഒബാമയുടെ ചിത്രം. ടിവിയിൽ ഫുട്‌ബോൾ മൽസരം കാണുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. 2014 ജൂൺ 26 ന് തന്റെ വേരിഫൈഡ് ട്വിറ്റർ പേജിൽ ഡൗഗ് മിൽസ് ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.’മിനാപോളിസിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ എയർഫോഴ്‌സ് വൺ വിമാനത്തിൽ വെച്ച് പ്രസിഡന്റ് ഒബാമ യുഎസ്എ-ജർമനി ലോകകപ്പ് മത്സരം കാണുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഈ ചിത്രമാണ് മോദിയുടെ സത്യപ്രതിഞ്ജ ചടങ്ങ് കാണുന്ന രീതിയിലേക്ക് മാറ്റിയത്. ഈ ഫോട്ടോയിൽ ടിവിയിൽ മോദിയെ ചേർത്തുവച്ചാണ് വ്യാജപ്രചാരണം നടത്തിയത്. ഇത് സംബന്ധിച്ച് വാർത്തകളും ചില മാധ്യമങ്ങൾ നൽകിയിരുന്നു. ഫോട്ടോഷോപ്പ് ചിത്രങ്ങളിറക്കി വ്യാജപ്രചാരണം നടത്തുന്നത് ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ പതിവാണ്. ഇത്തവണ ഒബാമയാണ് ഇരയായതെന്ന് മാത്രം.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top