യോഗാ ന്യത്തത്തില്‍ വിസ്മയമായി എട്ട് വയസ്സുകാരി അഭിജ്ഞ

ഭരതനാട്യവും യോഗയും ഒത്തുചേര്‍ത്ത് അസാമാന്യ മെയ് വഴക്കത്തോടെ യോഗാ നൃത്തത്തില്‍ വിസ്മയമാകുകയാണ് കാസര്‍ഗോട്ടെ എട്ട് വയസ്സുകാരി അഭിജ്ഞ. യോഗാധ്യാപികയായ അമ്മയില്‍ നിന്നാണ് ഈ കൊച്ചു മിടുക്കി യോഗയില്‍ ആകൃഷ്ടയായത്.അംഗീകാരങ്ങള്‍ നേടുമ്പോഴും രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമവും ഈ കുഞ്ഞു മനസിലുണ്ട്.

ഭരതനാട്യവും യോഗയും കോര്‍ത്തിണക്കിയുള്ള യോഗാ നൃത്തം കാഴ്ചക്കാരില്‍ ഒരല്‍പം അമ്പരപ്പുണ്ടാക്കും. 4 വയസ്സു മുതലുള്ള നൃത്ത പഠനവും യോഗ പരിശീലനവുമാണ് കാസര്‍ഗോട്ടെ 8 വയസ്സുകാരിയായ അഭിജ്ഞയെ ഈ അസാമാന്യ മെയ് വഴക്കത്തിനുടമയാക്കിയത്. അമ്മ നേത്രാകുമാരിയില്‍ നിന്ന് യോഗയും നൃത്താധ്യാപകനായ ബാലകൃഷ്ണന്‍ മഞ്ചേരിയില്‍ നിന്ന് ഭരതനാട്യവും പരിശീലിച്ചു. ഈ കുഞ്ഞു പ്രായത്തിനുള്ളില്‍ ജില്ലാതലം മുതല്‍ സംസ്ഥാന തലം വരെ അംഗീകാരങ്ങള്‍ അഭിജ്ഞ സ്വന്തമാക്കിക്കഴിഞ്ഞു.

ഇനി മനസില്‍ ഒട്ടേറെ ആഗ്രഹങ്ങള്‍ ബാക്കിയുണ്ട് അഭിജ്ഞയ്ക്ക്. എന്നാല്‍ എല്ലാത്തിനും തടസ്സമായി മുന്നില്‍ നില്‍ക്കുന്നത് സാമ്പത്തികമാണ്. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കണം, ഗിന്നസ് നേടണം എന്നിങ്ങനെയാണ് അഭിജ്ഞയുടെ ആഗ്രഹങ്ങള്‍. മലേഷ്യയില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടാണ് ഈ കുടുംബത്തിന് പ്രയാസം തീര്‍ക്കുന്നത്. കലാസ്വാദകരുടെ സഹായം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അഭിജ്ഞയും കുടുംബവും.

Top