സൗദി അറേബ്യ കടുത്ത ചൂടിലേക്ക്; ഉച്ച വിശ്രമനിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യ കടുത്ത ചൂടിലേക്ക് നീങ്ങുന്നു.വരും ദിവസങ്ങളിൽ ചൂടിന്റെ കാഠിന്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച്ച മുതൽ ഉച്ച വിശ്രമനിയമം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ചൂട് കടുത്തതോടെയാണ് തൊഴിലാളികൾക്ക് ഉച്ച വിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചത് . ജൂൺ 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസം വരെയാണ് ഉച്ചവിശ്രമം നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.
ഈ കാലയളവിൽ ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ തൊഴിലാളികളെ ഉപയോഗിച്ച് പുറം ജോലി എടുപ്പിക്കരുതെന്ന കർശന നിർദ്ദേശമാണ് മന്ത്രാലയം പുറപ്പെടുവിച്ചത് .തൊഴിലാളികൾക്ക് സുരക്ഷിത തൊഴിൽ ഇടങ്ങൾ സൃഷ്ടിക്കുക വഴി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.അതെ സമയം ഉച്ചവിശ്രമ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കുമെന്നും നിയമലംഘനം കണ്ടെത്തിയാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here