പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിപ പടരുന്നുവെന്നത് കള്ളക്കഥ

കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ധാരാളം വ്യാജ സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പിലൂടെ ഒഴുകിയെത്തിയത്. പല സ്വകാര്യ ആശുപത്രികളിലും നിപ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശങ്ങൾ ജനങ്ങളെ ആശങ്കയിലാക്കി. സംസ്ഥാനം മുഴുവൻ പ്രചരിച്ച ഇത്തരം സന്ദേശങ്ങൾ ഓരോയിടത്തും അതാത് പ്രദേശങ്ങളിലെ പ്രമുഖ ആശുപത്രികളിൽ നിപ രോഗിയുണ്ടെന്ന തരത്തിലാണെത്തിയത്.

 

തൃശൂരിലും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാമുള്ളവർക്ക് ആശുപത്രികളുടെ പേരുകളിൽ മാത്രം മാറ്റം വരുത്തിയാണ് ഒരേ സന്ദേശമെത്തിയത്. ഇതിന് പിന്നാലെ ബംഗാളിലും നിപ പടർന്ന് പിടിക്കുന്നുവെന്ന വ്യാജ സന്ദേശങ്ങൾ രാജ്യമെമ്പാടും പ്രചരിക്കുകയും ചെയ്തിരുന്നു. പശ്ചിമബംഗാളിലെ സിലിഗുരി ജില്ലയിൽ നിപ പടർന്ന് പിടിക്കുന്നുവെന്നാണ് വ്യാജ വാർത്ത പരന്നത്. ‘സിലിഗുരിയിലും നിപ വൈറസ് എത്തിയിരിക്കുന്നു. ഈ വാർത്ത ഗൗരവത്തോടെ പരിഗണിക്കുക’ എന്ന തലക്കെട്ടോടെയാണ് വാട്‌സ് ആപ്പ് സന്ദേശങ്ങൾ പ്രവഹിച്ചത്.

വിചിത്രമായ ഒരു അസുഖവുമായി നിരവധി ആളുകൾ സിലിഗുരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായും ലിച്ചി പഴങ്ങൾ തിന്നുന്നത് വഴിയാണ് ഈ രോഗമുണ്ടാകുന്നതെന്നും സിലിഗുരിയിലുള്ള ഡോ. കൃഷ്‌ണേന്ദു പറയുന്നതായാണ് സന്ദേശം. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം മൂലം ആയിരക്കണക്കിന് ആളുകൾ ഒരാഴ്ചയ്ക്കകം മരിക്കുമെന്നും ലിച്ചിപ്പഴങ്ങൾ കഴിക്കുന്ന വവ്വാലുകളിൽ നിന്നാണ് അസുഖം പടരുന്നതെന്നും സന്ദേശത്തിൽ പറയുന്നു. രോഗം കരളിനെയാണ് ബാധിക്കുകയെന്നും ചികിത്സയില്ലെന്നുമാണ് വ്യാജസന്ദേശത്തിലുളളത്. നിങ്ങളുടെ പ്രദേശത്തുള്ള ആളുകളെ രക്ഷിക്കാൻ ഉടൻ ഈ മെസ്സേജ് ഷെയർ ചെയ്യണമെന്ന നിർദേശവും വ്യാജസന്ദേശത്തിൽ നൽകുന്നു. കേരളത്തിന് പുറമേ മഹാരാഷ്ടയിലും ഉത്തർപ്രദേശിലും ബീഹാറിലുമെല്ലാം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

എന്നാൽ സിലിഗുരി മേഖലയിൽ അടുത്ത കാലത്തൊന്നും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വാസ്തവം. കഴിഞ്ഞ കുറേ വർഷങ്ങളായി നിപ രോഗലക്ഷണങ്ങളോടെ  ആരും ചികിത്സ തേടിയിട്ടില്ലെന്ന്
സിലിഗുരിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സ്ഥലമാണ് സിലിഗുരി എന്നതാകാം ഒരു പക്ഷേ വ്യാജവാർത്തകൾക്ക് പിന്നിലുള്ള കാരണം. 2001 ൽ ബംഗ്ലാദേശിൽ പടർന്ന് പിടിച്ച നിപ വൈറസ് ബാധ അതിർത്തിയോട് ചേർന്നുള്ള സിലിഗുരി ഗ്രാമത്തിലുള്ളവരെയും ബാധിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം വൈറസ് ബാധയേറ്റ് 45 പേരാണ് 2001 ൽ സിലിഗുരിയിൽ മരണപ്പെട്ടത്. ഇപ്പോൾ ഇല്ലാത്ത നിപ ബാധയുണ്ടാക്കി സോഷ്യൽമീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ സിലിഗുരിയിലെ ജനങ്ങളെ വീണ്ടും നിപ ഭീതിയിലാക്കിയിരിക്കുകയാണ്.

 

 

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top