വിധവകൾക്ക് ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊല്ലത്തെ സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

വിധവകൾക്ക് അമ്പതിനായിരം രൂപ ധനസഹായം നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിവന്നിരുന്ന സ്ഥാപനം പൂട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായം നൽകുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ച സ്ഥാപനമാണ് പൊലീസ് അടച്ചുപൂട്ടിയത്. ഈ തട്ടിപ്പിനെക്കുറിച്ചുള്ള വാർത്ത 24 നേരത്തേ നൽകിയിരുന്നു.
കൊട്ടാരക്കര മൈലം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനമാണ് സ്ത്രീകളെ തട്ടിപ്പിനിരയാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് സ്ത്രീകളാണ് ഇവിടെ എത്തിക്കൊണ്ടിരുന്നത്. രജിസ്‌ട്രേഷൻ ഫീസായി നൂറ് രൂപയാണ് ഈടാക്കിയിരുന്നത് എന്ന് അമ്മമാർ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സൈറ്റിലോ ദുരിതാശ്വാസ നിധിയുടെ നിർദ്ദേശങ്ങളിലോ ഇങ്ങനെയൊരു ആനുകൂല്യത്തെ കുറിച്ച് പറയുന്നില്ല. ജില്ലാകളക്ടർക്കും പുനലൂർ ആർഡിഒയ്ക്കും വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.
ഭർത്താവ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് നാൽപതിനായിരം രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും ലഭിച്ചു എന്നു പറഞ്ഞായിരുന്നു സ്ഥാപന ഉടമയുടെ തട്ടിപ്പ്. തനിക്ക് പണം ലഭിച്ചുവെന്നും എല്ലാ വിധവകൾക്കും ഇത്തരത്തിൽ പണം ലഭിക്കാൻ അപേക്ഷിക്കാനുള്ള അനുവാദം തന്റെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ മാത്രമാണെന്നും സ്ഥാപന ഉടമ എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു. തട്ടിപ്പു പുറത്തുവന്നതോടെ പൊലീസ് സ്ഥാപനം അടച്ചു പൂട്ടിയതറിയാതെയും ആളുകൾ ഒഴുകിയെത്തി. വിദൂരസ്ഥലങ്ങളിൽ നിന്നു പോലും സ്ത്രീകൾ തലേദിവസം എത്തി കമ്പ്യൂട്ടർ സ്ഥാപനത്തിനു മുന്നിൽ കാത്തുകെട്ടി കിടക്കുന്നത് പതിവുകാഴ്ചയായി മാറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here