Advertisement

‘ഉണ്ട’യിലെ വില്ലനാര്? തിരക്കഥാകൃത്ത് ഹർഷാദ് പറയുന്നു

June 14, 2019
Google News 2 minutes Read

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ഉണ്ട’യ്ക്ക് പ്രേരണയായ സംഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് ഹർഷാദ്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കെ ഫേ്‌സ്ബുക്കിലൂടെയാണ് എഴുത്തുകാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.’ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തിൽ’ എന്ന തലക്കെട്ടിൽ 2014 ൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തയാണ് ഉണ്ടയ്ക്ക് ആധാരമായതെന്ന് ഹർഷാദ് പറയുന്നു. ചിത്രത്തിലെ വില്ലനാരെന്ന കാര്യവും ഹർഷാദ് പങ്കുവെയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇതാണാ പത്രവാർത്ത. ‘ചത്തിസ്ഗഡിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തിൽ. ‘ 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്‌സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാൻ അന്നേ യാത്ര തുടങ്ങിയത്. അതിനിടയിൽ അവൻ ‘അനുരാഗ കരിക്കിൻവെള്ളം’ ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്‌സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ഞാൻ ഈ യാത്രയിൽ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാൾ ഇയ്യൊരു പ്രൊജക്ടിൽ എന്നെ ആകർഷിച്ചത് ഞങ്ങൾ തമ്മിൽ അന്ന് നടന്ന ഒരു സംഭാഷണമാണ്.
അപ്പോൾ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..?
ഭയം. പേടി… പേടിയാണ് ഇതിലെ വില്ലൻ!!

ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മിൽ തമ്മിലുള്ളത്, മനുഷ്യർക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്‌റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യർക്ക് സ്‌റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. :) പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകൾ. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകൾ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാൻ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി!!.

പിന്നീട് 2018 ൽ മമ്മൂക്ക ഈ യാത്രയിൽ ജോയിൻ ചെയ്തതോടെ കാര്യങ്ങൾ വേഗത്തിലായി. കൃഷ്ണൻ സേതുകുമാർ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷൻ, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്‌സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങൾ വന്നു. കേരളത്തിലും കർണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങൾ. ഒടുവിൽ ഇന്ന് ആ സിനിമ #ഉണ്ട എന്ന പേരിൽ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here