ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലവും കാറും ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും പരിശോധിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലവും കാറും ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും പരിശോധിച്ചു. മംഗലപുരം പൊലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള ബാലഭാസ്‌കറിന്റെ വാഹനത്തില്‍ നിന്നും സാമ്പിളുകളും ഫോറന്‍സിക് സംഘം ശേഖരിച്ചു.
വിവാദമായ കേസായതിനാല്‍ ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കുമെന്നും ഇതിന്റെ ഭാഗമായി ബുധനാഴ്ച വാഹനം പൊളിച്ചു കൊണ്ടുള്ള വിശദമായ പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ അറിയിച്ചു.
ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘവും, ഫോറന്‍സിക് സംഘവുമാണ് തിരുവനന്തപുരം പള്ളിപ്പുറത്തു അപകടം നടന്ന സ്ഥലത്തു പരിശോധന നടത്തിയത്. മംഗലപുരം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ബാലഭാസ്‌ക്കറിന്റെ വാഹനത്തിലും സംഘം പരിശോധന നടത്തി.
മൂന്നര മണിക്കൂറോളം സംഘം വാഹനം പരിശോധിച്ചു. രക്തം, വാഹനത്തിലുണ്ടായവരുടെയെന്നു കരുതുന്ന മുടി, വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചു. ഇവ വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയമാക്കും.
എന്നാല്‍ അപകടത്തില്‍പ്പെട്ട വാഹനം ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ തെളിവുകള്‍ പലതും പൂര്‍ണ്ണമായ രീതിയില്‍ കിട്ടിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യകത്മാക്കി. നിലവില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ദൃക്സാക്ഷികളില്‍ ചിലര്‍ വ്യത്യസ്തമായ മൊഴി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തയുണ്ടാവാന്‍ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യവും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here