രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി കേരളത്തിലും ഡോക്ടർമാരുടെ സമരം; രോഗികൾ വലഞ്ഞു

ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തും സർക്കാർ, സ്വകാര്യ ഡോക്ടർമാരുടെ സമരം. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ രാവിലെ ഒരു മണിക്കൂർ ഒ.പി ബഹിഷ്‌കരിച്ചു. പകർച്ച പനിയടക്കം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ സമരം രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് മുഴുവൻ സമയവും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
അതേ സമയം അത്യാഹിത വിഭാഗത്തെയുൾപ്പെടെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗം, ലേബർ റൂം വിഭാഗങ്ങളിലും പണിമുടക്കില്ല. മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പ്രൊഫസർമാരും ഒരു മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നിന്നാണ് പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തെ ദന്താശുപത്രികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പശ്ചിമബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണയറിയിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here