വെങ്കിടങ്ങിലെ നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍; പാകമായിട്ടും നെല്‍ വാങ്ങാന്‍ കൂട്ടാക്കാതെ മില്ലുടമകള്‍

പാകമായ നെല്ല് കൊയ്തു തുടങ്ങിയ തൃശ്ശൂര്‍ വെങ്കിടങ്ങിലെ നെല്‍ കര്‍ഷകരെ മില്ലുടമകള്‍ ദ്രോഹിക്കുന്നതായി പരാതി. ഏനാമാവ് തെക്കേ കോഞ്ചിറ കോളപടവിലെ 175 ഏക്കര്‍ സ്ഥലത്ത് ഇരിപ്പു കൃഷിയിറക്കിയ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മില്ലുകാരുടെ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് കര്‍ഷകര്‍ കൊയ്ത്തു തുടങ്ങിയത്. 90 ദിവസം കൊണ്ട് മൂപ്പെത്തുന്ന ”മനുരത്‌ന” വിത്തിറക്കി കൃഷി ചെയ്ത കര്‍ഷകര്‍ പക്ഷെ ദുരിതത്തിലാണ്. കഴിഞ്ഞ ആഴ്ച്ചയില്‍ കോള്‍ പടവില്‍ ഇരിപ്പൂ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്ല് പാകമായിട്ടില്ലെന്ന് കാണിച്ച് മില്ല് ഉടമകള്‍ കൊയ്ത്ത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

90 ദിവസം കൊണ്ട് മൂപ്പെത്തുന്ന വിത്തിന് 95 ദിവസം പിന്നിട്ടപ്പോഴാണ് കൊയ്ത്ത് ആരംഭിച്ചത്. ഇപ്പോള്‍ നെല്ലിന് 105 ദിവസം മൂപ്പായി. ഇപ്പോഴും പാകമാകട്ടെ എന്ന നിലപാടിലാണ് മില്ലുടമകള്‍.
ഇതിനിടെ മഴ കൂടിയെത്തിയതോടെ കൊയ്ത്ത് വൈകി. ഒടുവില്‍ പരാതി അറിയിച്ചതോടെ മില്ലുകാര്‍ നെല്ലിന്റെ പച്ചപ്പ് കിഴിച്ചും പാടത്ത് നിന്നും മുന്നൂറ് മീറ്റര്‍ ദൂരെയുള്ള റോഡിലെ വാഹനത്തിലേക്ക് എത്തിച്ച് നല്‍കണമെന്നുമടക്കം കര്‍ശന വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. കൊയ്ത്തു കൂലിയും  ഈര്‍പ്പത്തിന്റെ കിഴിവും കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് മിച്ചമൊന്നും ഉണ്ടാകില്ലന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഒട്ടേറെ തടസങ്ങള്‍ തരണം ചെയ്ത് ഇരുപ്പൂ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിളവെടുപ്പിനും നെല്ല് സംഭരണത്തിനും ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More