റാഷിദ് ഖാനു മോശം ദിവസം; നാണക്കേടിന്റെ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ റാഷിദ് ഖാനു മോശം റെക്കോർഡ്. ഇംഗ്ലണ്ടിനെതിരെ 9 ഓവറിൽ 110 റൺസ് വഴങ്ങിയ റാഷിദ് ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം റൺസ് വഴങ്ങുന്ന ബൗളറായി. ന്യൂസിലൻഡിൻ്റെ മാർട്ടിൻ സ്നെഡ്ഡൻ്റെ പ്രകടനമാണ് റാഷിദ് മറികടന്നത്.

1983 ലോകകപ്പിലായിരുന്നു സ്നെഡ്ഡൻ്റെ മോശം പ്രകടനം. ഇംഗ്ലണ്ടിനെതിരെ 10 ഓവറുകൾ പന്തെറിഞ്ഞ സ്നെഡ്ഡർ രണ്ട് വിക്കറ്റ് നേടിയെങ്കിലും 105 റൺസാണ് വഴങ്ങിയത്. തൊട്ടുപിന്നിൽ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡറാണ്. 2015 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഹോൾഡറുടെ പ്രകടനം. 10 ഓവറിൽ ഒരു വിക്കറ്റിട്ട താരം വഴങ്ങിയത് 104 റൺസ്. ആ ലോകകപ്പിൽ തന്നെ ഓസീസിനെതിരെ 101 റൺസ് വഴങ്ങിയ അഫ്ഗാനിസ്ഥാൻ്റെ ദൗലത് സദ്രാനാണ് അടുത്ത താരം.

മത്സരത്തിൽ 397/6 എന്ന കൂറ്റൻ സ്കോറിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചത്. 71 പന്തുകളിൽ 148 റൺസെടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ്റെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാനെ തകർത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top