ലോകകപ്പിൽ തുടർച്ചയായ തോൽവികൾ; കോച്ചിനെതിരെ സെലക്ടർ: വിവാദങ്ങളിൽ മുങ്ങി അഫ്ഗാൻ ക്രിക്കറ്റ്

ലോകകപ്പ് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെടുന്ന അഫ്ഗാനിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലാണ്. കളിക്കളത്തിലെ തലവേദനകൾക്കു പിന്നാലെ കളത്തിനു പുറത്തും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് ഇത് നല്ല കാലമല്ല. ലോകകപ്പിലെ തോൽവികളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
തോൽവികൾക്കു കാരണം ടീം പരിശീലകൻ ഫിൽ സിമ്മൺസ് നയിക്കുന്ന കോച്ചിംഗ് സ്റ്റാഫ് ആണെന്ന ചീഫ് സെലക്ടർ ദൗലറ്റ് അഹ്മദ്സായിയുടെ ആരോപനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. കോച്ചിംഗ് സ്റ്റാഫ് അവസരത്തിനൊത്ത് ഉയരുന്നില്ലെന്നായിരുന്നു മുൻ പേസ് ബൗളർ കൂടിയായ ദൗലത് ആരോപിച്ചത്.
ദൗലതിൻ്റെ ആരോപണങ്ങൾക്ക് ട്വിറ്ററിലൂടെ മറുപടി നൽകിയ സിമ്മൺസ് വിവാദങ്ങളെ മറ്റൊരു തലത്തിലെത്തിച്ചു. താന്‍ ലോകകപ്പിന്റെ ഇടയിലാണെന്നും ടീമിനെ കഴിവിന്റെ പരമാവധി മികവില്‍ എത്തിക്കുവാനുള്ള ശ്രമത്തിലുമാണെന്നതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നും സിമ്മൺസ് പറയുന്നു. അഫ്ഗാനിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനെ പുറത്താക്കുന്നതില്‍ ദൗലത് അഹമ്മദ് സായിയുടെ റോളും തങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകളില്‍ ഇദ്ദേഹം നടത്തിയ ഇടപെടലുകളും ലോകകപ്പിനു ശേഷം പുറത്ത് പറയുമെന്നും സിമ്മൺസ് ട്വിറ്ററിൽ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here