അടിച്ചു തകർത്ത് ഓപ്പണർമാർ; വാർണർ സെഞ്ചുറിയിലേക്ക്: ഓസ്ട്രേലിയ കുതിക്കുന്നു

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. 30 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് ഓസീസ് നേടിയിരിക്കുന്നത്. അർദ്ധസെഞ്ചുറിയടിച്ച ആരോൺ ഫിഞ്ചാണ് പുറത്തായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ഓപ്പണർമാരെ ഒരു പരിധി വരെ പിടിച്ചു കെട്ടുന്നതിൽ ബംഗ്ലാദേശ് വിജയിച്ചുവെങ്കിലും വിക്കറ്റ് നേടാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയായി. ആരോൺ ഫിഞ്ച് ആക്രമണത്തിന് ചുക്കാൻ പിടിച്ചപ്പോൾ ഡേവിഡ് വാർണർ മികച്ച പിന്തുണ നൽകി. ആദ്യത്തെ പവർപ്ലേയിൽ 53 റൺസാണ് ഓസ്ട്രേലിയ നേടിയത്.

55 പന്തുകളിൽ വാർണറും 48 പന്തുകളിൽ ഫഞ്ചും തങ്ങളുടെ അർദ്ധശതകങ്ങൾ കുറിച്ചു. കാര്യങ്ങൾ കൈവിട്ടു പോകവേയാണ് 21ആം ഓവറിൽ ക്യാപ്റ്റൻ മഷറഫെ മൊർതാസ ഓൾറൗണ്ടർ സൗമ്യ സർക്കാറിന് പന്തു നൽകിയത്. ഓവറിലെ അഞ്ചാം പന്തിൽ 53 റൺസടിച്ച ആരോൺ ഫിഞ്ചിനെ റൂബൽ ഹുസൈൻ്റെ കൈകളിലെത്തിച്ച സൗമ്യ ക്യാപ്റ്റൻ്റെ വിശ്വാസം കാത്തു.

ബൗളർമാർക്ക് യാതൊരു അവസരവും നൽകാതെ ബാറ്റ് ചെയ്യുന്ന വാർണർ അടുത്ത സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ്. വാർണർ 89 റൺസുമായും ഖവാജ 19 റൺസുമായും ക്രീസിലുണ്ട്. രണ്ടാം വിക്കറ്റിൽ ഇതിനോടകം 47 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top