പൊലീസ് തല തല്ലിപ്പൊട്ടിച്ചെന്ന് ബിജെപി എംഎൽഎ; കല്ലുകൊണ്ട് സ്വയം തല പൊട്ടിക്കുന്ന എംഎൽഎയുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്

പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റെന്ന ബിജെപി എംഎൽഎയുടെ ആരോപണം കള്ളമെന്ന് തെളിയിച്ച് പൊലീസ്. എംഎൽഎ സ്വയം തല തല്ലപ്പൊട്ടിക്കുന്നതിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ഹൈദരാബാദിലെ ഗോശാമഹൽ എംഎൽഎയായ ടി രാജാ സിംഗിന്റെ ആരോപണങ്ങളാണ് പൊലീസ് വീഡിയോ പുറത്തുവിട്ട് പൊളിച്ചത്.

ജുമെറത് ബസാറിൽ റാണി അവന്തി ഭായി ലോധിന്റെ പ്രതിമ സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കോർപറേഷന്റെ അനുമതിയില്ലാതെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ  സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസ് തന്നെ ആക്രമിച്ചുവെന്നാണ് രാജയുടെ ആരോപണം. ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് പുറത്തുവിട്ട വീഡിയോ.

രാജ കല്ലുകൊണ്ട് സ്വയം തലയ്ക്ക് ഇടിക്കുന്നതും പൊലീസ് ഇയാളെ തടയാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എംഎൽഎയെ അക്രമിക്കുകയോ ലാത്തിച്ചാർജ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എംഎൽഎയാണ് പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top