കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസിൽ വെച്ച് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മോട്ടോർ വാഹന ചട്ടം 21 പ്രകാരമാണ് നടപടി. ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിലാണെന്നും അതിനാൽ തന്നെ സംസ്ഥാന മോട്ടോർ വാഹനവകുപ്പിന് പെർമിറ്റ് റദ്ദാക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.ബസ്സുകളിലെ ജീവനക്കാരെ നിയന്ത്രിക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവെന്നും ചട്ടങ്ങൾ പാലിച്ചാണോ ബസുകൾ സർവീസ് നടത്തുന്നതെന്ന് കർശനമായി നീരീക്ഷിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് പോയ കല്ലട സ്ലീപ്പർ ബസിൽ യാത്ര ചെയ്തിരുന്ന തമിഴ്‌നാട്ടുകാരി യുവതിയെയാണ് ബസ്സിലെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും പുലർച്ചെ രണ്ട് മണിയോടെ ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയെ ഇയാൾ കയറിപിടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യാത്രക്കാരി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബസ്സിലെ യാത്രക്കാർ ചേർന്ന് രണ്ടാം ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസും തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ യാത്രക്കാരെ മർദ്ദിച്ചതിന്റെ പേരിൽ കല്ലട ബസ്സിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.