ബിഹാറിൽ മസ്തിഷ്‌കജ്വരം മൂലം ഒരു മാസത്തിനിടെ മരിച്ചത് 136 കുട്ടികളെന്ന് സർക്കാർ

ബിഹാറിൽ മസ്തിഷ്‌ക ജ്വരം മൂലം ഒരു മാസത്തിനിടെ 136 കുട്ടികൾ മരിച്ചതായി ബിഹാർ സർക്കാർ. മുസഫർപൂർ ജില്ലയിൽ മാത്രം 117 കുട്ടികൾ മരിച്ചു. വൈശാലി, ബംഗൽപൂർ, കിഴക്കൻ ചമ്പാരൻ, സിതാമർഹി എന്നീ ജില്ലകളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 600 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതെന്നും സർക്കാർ അറിയിച്ചു.
ബിഹാറിൽ കുട്ടികളുടെ മരണമല്ല കൊലപാതകമാണ് നടക്കുന്നതെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയിൽ പറഞ്ഞു. വിഷയം സഭ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിൽ മസ്തിഷ്‌കജ്വരം പടർന്നു പിടിക്കുമ്പോഴും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. ബിനോയ് വിശ്വത്തെ പിന്തുണച്ച് നിരവധി എംപിമാർ രാജ്യസഭയിൽ എഴുന്നേറ്റ് നിന്നു.
ബിഹാറിലെ മുസാഫർപൂരിന് പിന്നാലെ കൂടുതൽ ജില്ലകളിലേക്ക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുകയാണ്. സമസ്തിപൂർ, ബങ്ക, വൈശാലി ജില്ലകളിൽ നിന്നാണ് രോഗ ലക്ഷണങ്ങളുമായി കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 128 കുട്ടികൾ മരിച്ച മുസഫർപൂരിൽ ചികിത്സയിൽ കഴിയുന്ന 24 കുട്ടികളുടെ നില ഗുരുതരമാണ്.
രണ്ട് ആശുപത്രികളിലായി മുന്നൂറിലേറെ കുട്ടികൾ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. മുസഫർപൂരിനോട് ചേർന്ന് നിൽക്കുന്ന റാഞ്ചിയിലും ജില്ലാ ഭരണകൂടം ആരോഗ്യ പ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here