പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂർ നഗരസഭാധ്യക്ഷ ശ്യാമളയ്‌ക്കെതിരെ സിപിഐഎം നടപടിക്കൊരുങ്ങുന്നു

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ സിപിഐഎം നടപടിക്കൊരുങ്ങുന്നു. ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന് കീഴ്ഘടകങ്ങളിൽ ആവശ്യമുയർന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ നേതൃയോഗം ഉടൻ വിളിച്ചു ചേർത്ത് ഇക്കാര്യം ചർച്ച ചെയ്യും. വിഷയത്തിൽ സിപിഐഎം നാളെ രാഷ്ട്രീയ വിശദീകരണ യോഗവും വിളിച്ചിട്ടുണ്ട്. സംസ്ഥാന നേതൃയോഗവും ഇക്കാര്യം ചർച്ച ചെയ്യും.
നഗരസഭാധ്യക്ഷ എന്ന നിലയിൽ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നും പൊതു സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏകപക്ഷീയമായ പ്രവർത്തന ശൈലിയാണെന്നും നഗരസഭാംഗങ്ങളുടെ നിർദേശങ്ങളോ വിമർശനങ്ങളോ ഉൾക്കൊള്ളാൻ അധ്യക്ഷ തയ്യാറാകുന്നില്ലെന്നുമുള്ള വ്യാപക ആരോപണങ്ങളാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്.
ഈ സാഹചര്യത്തിൽ നടപടി വേണമെന്ന കടുത്ത നിലപാടിലാണ് സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം. നാളെ ചേരുന്ന സംസ്ഥാന നേതൃയോഗം വിഷയം ചർച്ച ചെയ്യും. അതിന് ശേഷം ജില്ലാ നേതൃയോഗവും ചേരും. പാർട്ടിയുടെ കീഴ്ഘടകങ്ങളിലും ഇത് ചർച്ചയായിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി.കെ ശ്യാമളക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. വിഷയം ജില്ലാ കമ്മിറ്റിയോഗം ചർച്ച ചെയ്യുമെന്ന് ഏരിയാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾ ഉറപ്പ് നൽകി.
Read Also; പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി
വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലായ സാഹചര്യത്തിൽ നാളെ സിപിഐഎം തളിപ്പറമ്പിൽ രാഷ്ട്രീയവിശദീകരണ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വിശദീകരണയോഗത്തിൽ പി.കെ ശ്യാമളയുടെ ഭർത്താവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദൻ പങ്കെടുത്തേക്കില്ല. വിഷയം ചർച്ച ചെയ്യാൻ ലോക്കൽ കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here