സൗദി അറേബ്യയില്‍ ഹൂതി ആക്രമണം; വൈദ്യുത സ്റ്റേഷന്‍ തകര്‍ത്തു

യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സൗദി അറേബ്യയിലെ ഒരു വൈദ്യുത സ്റ്റേഷന്‍ തകര്‍ന്നു. സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ ജിസാനിലാണ് ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയത്.

സൗദി അറേബ്യയിലെ അല്‍ ഷുഖൈയ്ക്ക് നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം ആക്രമണമുണ്ടായതായി ഹൂതി വിമതരുടെ ടെലിവിഷന്‍ ചാനലായ അല്‍ മാസിറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ഇന്ന് രാവിലെ യെമനിലെ സൗദി-യുഎഇ സഖ്യസേന സ്ഥിരീകരിച്ചു. അല്‍ ഷുഖൈയ്ക്കിലെ കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്ന പ്ലാന്റിലാണ് ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് സഖ്യസേന അറിയിച്ചു. എന്നാല്‍ ആളപായമോ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഏത് തരത്തിലുള്ള മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സേന കൂട്ടിച്ചേര്‍ത്തു.

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഹൂതി വിമതര്‍ കഴിഞ്ഞ ആഴ്ചകളിലായി നിരന്തരം സൗദി അറേബ്യയില്‍ ആക്രമണം നടത്തിവരികയാണ്. സൗദി അറേബ്യയുടെ ആഭ വിമാനത്താവളത്തിനു നേരെ കഴിഞ്ഞയാഴ്ച ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. 2015 മുതല്‍ ഹൂതി വിമതര്‍ സൗദി-യുഎഇ സംയുക്തസേനയുമായി ഏറ്റുമുട്ടലിലാണ്. ഹൂതികള്‍ പുറത്താക്കിയ യെമന്‍ പ്രസിഡണ്ട് അബ്ദ് റബ്ബു മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള സഖ്യസേനയുടെ ശ്രമങ്ങളാണ് ഏറ്റുമുട്ടലിന് കാരണം. ഏറ്റമുട്ടലില്‍ ഇതുവരെയായി പതിനായിരം പേര്‍ മരിച്ചെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top