സുനാമി നാശം വിതച്ച ആറാട്ടുപുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാതെ അധികൃതര്‍

സുനാമി നാശം വിതച്ച ഹരിപ്പാട് ആറാട്ടുപുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാത്തത് കരിമണല്‍ ലോബിക്കുവേണ്ടിയെന്ന് തീരവാസികള്‍. തീരദേശ റോഡുകള്‍പോലും കടലാക്രമണത്തില്‍ തകര്‍ന്നിട്ടും സ്ഥലം എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കടല്‍ഭിത്തിയില്ലാത്ത ആറാട്ട്പുഴയുടെ തീരമേഖലയില്‍ നിരവധി വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.

ആറാട്ടുപുഴയില്‍ കരിമണല്‍ ഖനനം അനുവദിക്കാത്ത തീരവാസികളെ അവിടെ നിന്ന് ഓടിക്കാനാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കടല്‍ഭിത്തി സ്ഥാപിച്ച് തീരം സംരക്ഷിക്കാത്തതെന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. തീരം സംരക്ഷിക്കാത്തതിനാല്‍ തീരദേശ റോഡ്‌ ഏതു നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. ഇതേ സമയം തീരദേശ പാതയില്‍ കോടികള്‍ മുടക്കി 2 പാലങ്ങള്‍ നിര്‍മ്മിക്കുകുന്നതും ദുരൂഹമാണെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.

ആറാട്ടുപുഴയിലെ നല്ലാലാണിക്കല്‍, പെരുംമ്പള്ളി, വട്ടച്ചാല്‍ പ്രദേശങ്ങളില്‍ ‘കഴിഞ്ഞ 40 വര്‍ഷമായി കടല്‍ഭിത്തി സ്ഥാപിച്ചിട്ടില്ല. അതേസമയം ഹരിപ്പാടിനെ പ്രതിനിധീകരിച്ച് മന്ത്രിയും ഇപ്പം പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല തീരവാസികളെ തീര്‍ത്തും അവഗണിക്കുകയാണന്നും തീരവാസികള്‍ പറയുന്നു.

ആറാട്ടുപുഴ പഞ്ചായത്തില്‍ മാത്രം നൂറോളം വീടുകളാണ് ഏതു നിമിഷവും കടലെടുക്കുന്ന അവസ്ഥയിലുള്ളത്. നാട്ടുകാര്‍ തന്നെ ലക്ഷങ്ങള്‍ മുടക്കി മണല്‍ നിറച്ച ചാക്കുകള്‍ തീരത്ത് സ്ഥാപിച്ചെങ്കിലും അതും കടലെടുത്തതോടെ 20 മീറ്ററോളം തീരം ഇത്തവണ മാത്രം കടലെടുത്തു. ഇനിയും കാലാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇവിടെ നൂറ് കണക്കിന് പേരുടെ സ്വപ്നങ്ങളം, അതിനൊപ്പം അവരുടെ വീടുകളും കടലില്‍ മുങ്ങിത്താഴും. അതിനാല്‍ ഭരണ നേതൃത്വങ്ങളുടെ അടിയന്തിര ഇടപെടലിലൂടെ കടല്‍ഭിത്തി നിര്‍മ്മാണം എത്രയും പെട്ടന്ന് നടത്തണമെന്നാണ് ആറാട്ട് പുഴയിലെ ജനങ്ങളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top