സഖ്യമില്ലാതെ മത്സരിച്ചിരുന്നെങ്കിൽ കർണാടകയിൽ 16 സീറ്റുകളിലെങ്കിലും കോൺഗ്രസ് ജയിക്കുമായിരുന്നെന്ന് വീരപ്പമൊയ്‌ലി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസുമായി സഖ്യത്തിൽ മത്സരിച്ചതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലി. കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ പതിനഞ്ച്-പതിനാറ് സീറ്റെങ്കിലും കിട്ടുമായിരുന്നെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു. ജെഡിഎസ് സഖ്യത്തിൽ മത്സരിച്ചത് കോൺഗ്രസ് പ്രവർത്തകരിൽ എതിർപ്പുണ്ടാക്കി. സഖ്യത്തിൽ വിശ്വാസമർപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് കോൺഗ്രസിന് അബദ്ധമായിപ്പോയെന്നും വീരപ്പമൊയ്‌ലി വ്യക്തമാക്കി.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ വൻ തിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്. കോൺഗ്രസിന് രണ്ട് സീറ്റിലും ജെഡിഎസിന് ഒരു സീറ്റിലും മാത്രമായിരുന്നു ജയം. വീരപ്പമൊയ്‌ലി അടക്കമുള്ള നേതാക്കൾ ഇവിടെ പരാജയപ്പെട്ടിരുന്നു. ചിക്കബെല്ലാപുർ മണ്ഡലത്തിലാണ് വീരപ്പമൊയ്‌ലി ബിജെപി സ്ഥാനാർത്ഥി ബച്ചേ ഗൗഡയോട് പരാജയപ്പെട്ടത്. അതേ സമയം കർണാടകയിൽ ഭരണകക്ഷികളായ ജെഡിഎസും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് ജെഡിഎസിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Read Also; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണാടകയിൽ ഭരണപ്രതിസന്ധിയും
വേദനകളിലൂടെയാണ് താൻ ദിവസവും കടന്നു പോകുന്നതെന്ന് കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസുമായുള്ള പ്രശ്‌നങ്ങൾ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ വാക്കുകൾ. ഇതിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എഐസിസി പിരിച്ചുവിടുകയും ചെയ്തിരുന്നു. പുന:സംഘടനയുടെ ഭാഗമായാണ് കർണാടക പിസിസി പിരിച്ചുവിട്ടതെന്നാണ് എഐസിസി നൽകിയിരിക്കുന്ന വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here