തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തമ്മിലടി; പൊലീസ് സഹകരണസംഘം റൗഡി സഹകരണ സംഘമാണേയെന്ന് ഹൈക്കോടതി

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തിനെതിരെ ഹൈക്കോടതി. പൊലീസ് സഹകരണ സംഘമാണോ അതേ റൗഡി സഹകരണ സംഘമാണോയെന്ന് കോടതി വിമർശിച്ചു. നാളെ സഹകാരികൾ നേരിട്ടെത്തി തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും കോടതി നിർദേശിച്ചു.തെരഞ്ഞെടുപ്പ് മേൽനോട്ടത്തിന് അഭിഭാഷക കമ്മീഷനാണ് ചുമതല.

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം എ.ആർ ക്യാമ്പിൽ ഇടതു,വലതു സംഘടനാ അനുകൂലികളായ പൊലീസുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. പൊലീസുകാരുടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Read Also; പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാർ തമ്മിൽ കയ്യാങ്കളി

ഈ മാസം 27 ന് നടക്കുന്ന സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാത്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് വലതുപക്ഷ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് എആർ ക്യാമ്പിൽ പൊലീസുകാർ തമ്മിലുള്ള കയ്യാങ്കളിയിലേക്കെത്തിയത്. ഒടുവിൽ മ്യൂസിയം സിഐയുടെ നേതൃത്വത്തിലാണ് രംഗം ശാന്തമാക്കിയത്. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ടവർ തുടർന്ന് ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ ഡിജിപി സസ്‌പെൻഡ് ചെയ്തിരുന്നു.  കോൺഗ്രസ് സംഘടന അനുകൂലികളായ ആറ് പൊലീസുകാരെയും ഇടത് അനുകൂലികളായ രണ്ട് പൊലീസുകാരെയുമാണ് സസ്പെൻഡ് ചെയ്തത്.

Read Also; പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘർഷം; 8 പൊലീസുകാർക്ക് സസ്‌പെൻഷൻ

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് 27-ാം തീയതി നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണം വൈകുന്നുവെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരിൽ 600 പേർക്ക് മാത്രമാണ് കാർഡ് ലഭിച്ചിരിക്കുന്നതെന്നും ഭൂരിഭാഗം പേർക്കും കാർഡ് നൽകാത്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണന്നും കോൺഗ്രസ് അനുകൂല സംഘടനയിലുള്ളവർ ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top