ഉണ്ടയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം; നിർമ്മാണ കമ്പനിക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

മമ്മൂട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിനായി കാസർഗോഡ് കാറുടുക്ക റിസർവ് വനഭൂമിയിൽ പരിസ്ഥിതിനാശമുണ്ടാക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും സിനിമാ നിർമാണ കമ്പനിക്കുമെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ഹൈക്കോടതി. മണ്ണിട്ട് റോഡുണ്ടാക്കി വനഭൂമിയിൽ മാറ്റം വരുത്തിയത്, പൂർവസ്ഥിതിയിലാക്കിയിട്ടില്ലെങ്കിൽ കേന്ദ്ര സർക്കാർ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇതിന്റെ സാമ്പത്തിക ചെലവ് നിർമ്മാതാക്കളായ മൂവി മിൽ പ്രൊഡക്ഷനിൽ നിന്ന് ഈടാക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

ഉണ്ടയുടെ ഷൂട്ടിംഗിനായി കാറുടുക്ക വനഭൂമിയിൽ വനേതര പ്രവർത്തനങ്ങൾ നടത്തിയത് വനം വകുപ്പ് അധികൃതർ തടഞ്ഞില്ലെന്നാരോപിച്ച് പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിയമാനുസൃതം അനുമതി വാങ്ങി ഫീസ് കെട്ടിവച്ചാണ് ചിത്രീകരണം നടത്തിയത്. ആ നിലയ്ക്ക് ചിത്രീകരണം അനധികൃതമാണെന്ന് പറയാൻ കഴിയില്ലന്നും ഹൈക്കോടതി വിലയിരുത്തി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top