ബാബർ അസമിന് സെഞ്ചുറി; ന്യൂസിലൻഡിനെ തകർത്ത് പാക്കിസ്ഥാൻ

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് അനായാസ ജയം. 4 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 5 പന്തുകൾ ശേഷിക്കെയാണ് പാക്കിസ്ഥാൻ ജയം കുറിച്ചത്. ഉജ്ജ്വല സെഞ്ചുറിയടിച്ച സ്റ്റാർ ബാറ്റ്സ്ന്മാൻ ബാബർ അസമിൻ്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് ജയം സമ്മാനിച്ചത്. അർദ്ധസെഞ്ചുറിയടിച്ച ഹാരിസ് സൊഹൈലും പാക്ക് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ജയത്തോടെ പാക്കിസ്ഥാൻ സെമി സാധ്യതകൾ സജീവമാക്കി.

238 റൺസ് പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ നന്നായി തുടങ്ങിയെങ്കിലും മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത ഫഖർ സമാനെ ട്രെൻ്റ് ബോൾട്ട് മാർട്ടിൻ ഗപ്റ്റിലിൻ്റെ കൈകളിലെത്തിച്ചു. ശേഷം ക്രീസിലെത്തിയ ബാബർ അസവും ഇമാമുൽ ഹഖും ചേർന്ന് ചില മികച്ച ഷോട്ടുകളുതിർത്തെങ്കിലും 11ആം ഓവറിൽ പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. വില്ല്യംസണിൻ്റെ ആദ്യ ബൗളിംഗ് ചേഞ്ചാണ് പാക്കിസ്ഥാൻ്റെ രണ്ടാം വിക്കറ്റ് വീഴ്ത്തിയത്. ലോക്കി ഫെർഗൂസൻ്റെ പന്തിൽ 19 റൺസെടുത്ത ഇമാമുൽ ഹഖിനെ ഗപ്റ്റിൽ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു.

ശേഷം അസമിനോടൊപ്പം മുഹമ്മദ് ഹഫീസ് ക്രീസിലൊത്തു ചേർന്നു. ന്യൂസിലൻഡ് ബൗളിംഗ് അറ്റാക്കിനെ സമർദ്ധമായി നേരിട്ട ഇരുവരും മികച്ച രീതിയിൽ സ്കോർബോർഡ് ചലിപ്പിച്ചു. മോശം പന്തുകൾ തേടിപ്പിടിച്ച് അതിർത്തി കടത്തിയ അസം-ഹഫീസ് കൂട്ടുകെട്ട് പാക്കിസ്ഥാനെ മത്സരത്തിൽ തന്നെ നിർത്തി. വീണ്ടും ഒരു ചേഞ്ചാണ് പാക്കിസ്ഥാൻ്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്.

25ആം ഓവറിൽ സ്വയം പന്തെടുത്ത വില്ല്യംസണിനെ ക്രീസ് വിട്ട് പ്രഹരിക്കാൻ ശ്രമിച്ച ഹഫീസിനു പിഴച്ചു. ലോക്കി ഫെർഗൂസന് പിടികൊടുത്തു മടങ്ങുമ്പോൾ 32 റൺസായിരുന്നു ഹഫീസിൻ്റെ സമ്പാദ്യം. അസവുമായി മൂന്നാം വിക്കറ്റിൽ 66 റൺസിൻ്റെ മികച്ച കൂട്ടുകെട്ടും ഹഫീസ് പടുത്തുയർത്തിയിരുന്നു.

തുടർന്ന് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാരിസ് സൊഹൈൽ അസവുമായിച്ചേർന്ന് അനായാസം കളി മുന്നോട്ടു നയിച്ചു. കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ സൊഹൈൽ കിവീസ് ബൗളിംഗിനെ ബഹുമാനമേതുമില്ലാതെ നേരിട്ടു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ന്യൂസിലൻഡിന് ഈ കൂട്ടുകെട്ട് പിരിക്കാനായില്ല. ഇതിനിടെ സാൻ്റ്നറുടെ പന്തിൽ ബാബറിനെ നിലത്തിട്ട വിക്കറ്റ് കീപ്പർ ടോം ലതം ന്യൂസിലൻഡിൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി.

63 പന്തുകളിൽ ഹാരിസ് സൊഹൈൽ തുടർച്ചയായ തൻ്റെ രണ്ടാം അർദ്ധസെഞ്ചുറിയിലെത്തി. ഇതിനിടെ അസവുമായി 100 റൺസ് കൂട്ടുകെട്ടും സൊഹൈൽ പടുത്തുയർത്തി. 122 പന്തുകളിലാണ് സൊഹൈൽ-അസം സഖ്യം 100 റൺസ് കൂട്ടുകെട്ടുയർത്തിയത്. 124 പന്തുകളിൽ അസം ലോകകപ്പിലെ തൻ്റെ ആദ്യ സെഞ്ചുറി കുറിച്ചു. 49ആം ഓവറിലെ മൂന്നാം പന്തിൽ റണ്ണൗട്ടായി പുറത്തായെങ്കിലും നാലാം വിക്കറ്റിൽ അസവുമായിച്ചേർന്ന് 126 റൺസ് ഹാരിസ് സൊഹൈൽ കൂട്ടിച്ചേർത്തിരുന്നു. 68 റൺസെടുത്താണ് സൊഹൈൽ പുറത്തായത്. അവസാന ഓവറിലെ ആദ്യ പന്തിൽ പാക്കിസ്ഥാൻ ജയം തൊട്ടു. 5 പന്തുകൾ ബാക്കി നിൽക്കെ പാക്കിസ്ഥാൻ ജയം കുറിയ്ക്കുമ്പോൾ 101 റൺസുമായി ബാബർ അസവും 5 റൺസുമായി സർഫറാസ് അഹ്മദും പുറത്താവാതെ നിന്നു.

ജയത്തോടെ പാക്കിസ്ഥാൻ പോയിൻ്റ് ടേബിളിൽ അഞ്ചാമതെത്തി. നാലാമതുള്ള ഇംഗ്ലണ്ടിനെക്കാൾ ഒരു പോയിൻ്റ് മാത്രം പിന്നിലാണ് പാക്കിസ്ഥാൻ. ഇനി അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് പാക്കിസ്ഥാൻ്റെ മത്സരങ്ങൾ. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ ജയം നേടി സെമിയിലെത്താമെന്ന പ്രതീക്ഷയാണ് പാക്കിസ്ഥാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top