‘തെറ്റ് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം,വാദിച്ച് ജയിക്കാൻ നിൽക്കരുത്’ സിപിഐഎമ്മിനെ വിമർശിച്ച് ആന്തൂർ നഗരസഭാ വൈസ് ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആന്തൂർ വിഷയത്തിൽ സിപിഐഎമ്മിനെയും നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെയും പരോക്ഷമായി വിമർശിച്ച്  ആന്തൂർ നഗരസഭ വൈസ് ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണമെന്നും അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുതെന്നും നഗരസഭ വൈസ് ചെയർമാൻ ഷാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിരൽ ചൂണ്ടുന്ന ചിത്രം സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.

Read Also;  തെറ്റ് പി.ജയരാജനെ തിരുത്തി വീണ്ടും സിപിഐഎം; ശ്യാമളയെ പരസ്യമായി വിമർശിച്ചതും പി.ജെ ആർമി ഫേസ്ബുക്ക് പേജും തെറ്റ്

എന്നാൽ ഇത് വിവാദമായതോടെ ഷാജു ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഷാജുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടായ ഷാജു കോമറേഡ് എന്ന പ്രൊഫൈലിലാണ് ഇന്നലെ രാത്രിയോടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഒരു മണിക്കൂറിന് ശേഷം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ താൻ ഒന്നും ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നാണ് ഷാജുവിന്റെ വിശദീകരണം. ആന്തൂരിൽ കൺവെൻഷൻ സെന്ററിന് നഗരസഭയുടെ അനുമതി ലഭിക്കാതിരുന്നതുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്നും ഉയർന്നിരുന്നു.

Read Also; ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജൻ

നഗരസഭാ അധ്യക്ഷക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം ഏരിയ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്യാമളക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള. ശ്യാമളയെ പരസ്യമായി വിമർശിച്ചതിന് സിപിഐഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ പാർട്ടി സംസ്ഥാനസമിതി നേരത്തെ തിരുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top