പൊരുതി നേടി പാക്കിസ്ഥാൻ; വിജയം അവസാന ഓവറിൽ

അവസാന നിമിഷം വരെ ജയാപജങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാന് ആവേശ ജയം. മൂന്നു വിക്കറ്റിനായിരുന്നു ജയം. അവസാന ഓവറിലാണ് പാക്കിസ്ഥാൻ ജയം തൊട്ടത്. അവസാന ഘട്ടത്തിൽ ഉജ്ജ്വല ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഇമാദ് വാസിമാണ് പാക്കിസ്ഥാനെ വിജയിപ്പിച്ചത്. 49 റൺസെടുത്ത ഇമാദ് പുറത്താവാതെ നിന്നു. 45 റൺസെടുത്ത ബാബർ അസം, 36 റൺസെടുത്ത ഇമാമുൽ ഹഖ് എന്നിവരും അഫ്ഗാനിസ്ഥാനു വേണ്ടി തിളങ്ങി.

അഫ്ഗാനിസ്ഥാൻ്റെ ബൗളിംഗ് ഓപ്പൺ ചെയ്ത മുജീബ് രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റിട്ടു. റൺനൊന്നുമെടുക്കാത്തെ ഫഖർ സമാനെ മുജീബ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബാബർ അസവും ഇമാമുൽ ഹഖും ഉറച്ചു നിന്നതോടെ അനായാസം റൺ ഉയർന്നു. ഇരുവരും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. 16ആം ഓവറിൽ ഇമാമുൽ ഹഖ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. 36 റൺസെടുത്ത ഇമാമുൽ ഹഖിനെ മുഹമ്മദ് നബിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഇക്രം അലി ഖിൽ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

18ആം ഓവറിൽ ബാബർ അസവും പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത അസമിനെ നബി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പുറത്താവുമ്പോൾ ബാബർ 45 റൺസ് എടുത്തിരുന്നു. തുടർന്ന് ഹാരിസ് സൊഹൈൽ ഹഫീസുമായിച്ചേർന്ന് വീണ്ടും ഒരു കൂട്ടുകെട്ടുയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 40 കൂട്ടിച്ചേർത്തു. 19 റൺസെടുത്ത ഹഫീസിനെ ഹഷ്മതുല്ല ഷാഹിദിയെ പുറത്താക്കിയ മുജീബ് മത്സരത്തിലെ രണ്ടാം വിക്കറ്റ് കണ്ടെത്തി.

പിന്നീട് അഞ്ചാം വിക്കറ്റിൽ സർഫറാസ് അഹ്മദും ഹാരിസ് സൊഹൈലും ഒത്തു ചേർന്നു. ആ കൂട്ടുകെട്ടും വേഗം അവസാനിച്ചു. 35ആം ഓവറിൽ 27 റൺസെടുത്ത സൊഹൈലിനെ റാഷിദ് വിക്കറ്റിനു മുന്നിൽ കുരുക്കി. തുടർന്ന് ഇമാദ് വാസിം സർഫറാസ് അഹ്മദിനൊപ്പം ചേർന്നു. എന്നാൽ ആ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. 18 റൺസെടുത്ത സർഫറാസ് 39ആം ഓവറിൽ പുറത്തായി. രണ്ടാം റണ്ണിനോടിയ സർഫറാസ് റണ്ണൗട്ടാവുകയായിരുന്നു.

പിന്നാലെ ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന ഇമാദ് വാസിം-ഷദബ് ഖാൻ കൂട്ടുകെട്ട് വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഗുൽബദിൻ നയ്ബ് എറിഞ്ഞ 46ആം ഓവറിൽ മൂന്ന് ബൗണ്ടറിയടക്കം 18 റൺസ് അടിച്ചു കൂട്ടിയ ഇമാദ് പാക്കിസ്ഥാനെ വീണ്ടും കൈപിടിച്ചുയർത്തി. തൊട്ടടുത്ത ഓവറിൽ റണ്ണൗട്ടായെങ്കിലും വാസിമുമായിച്ചേർന്ന് ഏഴാം വിക്കറ്റിൽ 49 റൺസ് ഷദബ് ഖാൻ കൂട്ടിച്ചേർത്തിരുന്നു.

അവസാന രണ്ട് ഓവറിൽ 16 റൺസസായിരുന്നു പാക്കിസ്ഥാൻ്റെ വിജയലക്ഷ്യം. റാഷിദ് ഖാൻ എറിഞ്ഞ 49ആം ഓവറിലെ രണ്ടാം പന്തിൽ സിക്സറടിച്ച വഹാബ് റിയാസ് പാക്കിസ്ഥാനെ ജയത്തിലേക്ക് അടുപ്പിച്ചു. ആ ഓവറിൽ 10 റൺസടിച്ച പാക്കിസ്ഥാൻ ഗുൽബദിൻ നയ്ബ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ വിജയത്തിലെത്തി. നാലാം പന്തിൽ നയ്ബിനെ ബൗണ്ടറിയടിച്ച വാസിമാണ് പാക്കിസ്ഥാന് ജയം സമ്മാനിച്ചത്. 49 റൺസെടുത്ത ഇമാദ് വാസിമും 15 റൺസെടുത്ത വഹാബ് റിയാസും പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top