87കാരിയായ ചാരുലത പട്ടേലിന് ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സ്പോൺസർ ചെയ്ത് മഹീന്ദ്ര ചെയർമാൻ

ഇന്ത്യ-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ താരമായ 87കാരി ചാരുലത പട്ടേലിന് ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സ്പോൺസർ ചെയ്ത് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ആനന്ദ് ടിക്കറ്റുകൾ സ്പോൺസർ ചെയ്യാം എന്നറിയിച്ചത്. തൻ്റെ ട്വിറ്റർ പോസ്റ്റിൽ വന്ന ഒരു റിപ്ലേ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവസാന ഓവർ താൻ കണ്ടുവെന്നും മത്സരം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മത്സരം കാണാനുണ്ടായിരുന്ന സ്ത്രീക്ക് സെമി, ഫൈനൽ ടിക്കറ്റുകൾ ഫ്രീ ആക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിൽ താങ്കൾക്ക് ടിക്കറ്റുകൾ സ്പോൺസർ ചെയ്തു കൂടേ എന്നായി ഒരു ട്വിറ്റർ ഉപഭോക്താവിൻ്റെ ചോദ്യം. ഇതിനുള്ള മറുപടി ആയാണ് താൻ ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ സ്പോൺസർ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചത്.

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമായിരുന്നു ചാരുലത പട്ടേൽ. തൻ്റെ കയ്യിലിരുന്ന പ്ലാസ്റ്റിക്ക് പീപ്പി ഊതിക്കൊണ്ട് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന ഈ 87കാരിയെ സോഷ്യൽ മീഡിയ വളരെ വേഗം ഏറ്റെടുത്തു. മത്സരത്തിനു ശേഷം കോലിയും രോഹിതും ഇവരെ കാണാനെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top