പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണം : ഇ ശ്രീധരൻ

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് ഇ ശ്രീധരൻ സർക്കാരിന് കൈമാറി. അതേസമയം, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ് ഐഐടിയുടെ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.

പാലാരിവട്ടം പാലം നിർമാണത്തിലെ സാങ്കേതികത്തകരാറുകൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടാണ് ഇ ശ്രീധരൻ സർക്കാരിന് കൈമാറിയത്. പാലത്തിന്റെ നിർമാണത്തിൽ സാരമായ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽത്തന്നെ ഘടനാപരമായ മാറ്റങ്ങൾ പാലാരിവട്ടം പാലത്തിൽ വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുള്ളതായാണ് സൂചന.

Read Also : പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തി

നിലവിലെ അവസ്ഥയിൽ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ ഇ ശ്രീധരൻ തയ്യാറായില്ല. റിപ്പോർട്ടിനെക്കുറിച്ച് സർക്കാർ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലത്തിന് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും വ്യക്തമാക്കിയ മന്ത്രി ജി സുധാകരൻ, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ് ഐഐടിയുടെ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കുമെന്ന് വ്യക്തമാക്കി. തുടർന്ന് ഇ ശ്രീധരനും ഐഐടി പ്രതിനിധികളുമായി ചർച്ച നടത്തും. അതിനു ശേഷം മാത്രമായിരിക്കും പാലം പൊളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു. ശ്രീധരന്റെ റിപ്പോർട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top